ഇസ്‌ലാമാബാദ്: ഈ വര്‍ഷം പാകിസ്താന്‍ ആതിഥ്യം വഹിക്കുന്ന ഏഷ്യാകപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍, അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ നിന്ന് പാകിസ്താനും പിന്‍മാറുമെന്ന നിലപാട് മാറ്റി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് പിസിബി ചീഫ് എക്‌സിക്യൂട്ടീവ് വസിം ഖാന്‍ വ്യക്തമാക്കി. ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റുന്നതില്‍ പിസിബിക്ക് എതിര്‍പ്പില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും വസീം ഖാന്‍ കൂട്ടിച്ചേര്‍ത്തു.
'ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി നിലവില്‍ രണ്ടു വേദികളാണ് ഞങ്ങള്‍ പരിഗണിക്കുന്നത്. ഏഷ്യാകപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യ ഇവിടേക്കു വരാന്‍ വിസമ്മതിച്ചാല്‍ ഇന്ത്യയില്‍ നടക്കുന്ന 2021-ലെ ട്വന്റി-20 ലോകകപ്പില്‍ നിന്ന് ഞങ്ങള്‍ക്കും പിന്‍മാറേണ്ടി വരും' . ഇതായിരുന്നു വസിം ഖാന്റെ വിവാദ പ്രസ്താവന. എന്നാല്‍ ഇതിനെതിരേ കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ ഖാന്‍ നിലപാട് മാറ്റുകയായിരുന്നു.
Read More: 'ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഋഷഭിന് മറ്റാരേയും കുറ്റപ്പെടുത്താനാകില്ല': കപില്‍ ദേവ്
ഏഷ്യാ കപ്പ് ട്വന്റി-20 ടൂര്‍ണമെന്റ് സെപ്റ്റംബറില്‍ പാകിസ്താനിലാണ് നടക്കുക. എന്നാല്‍, രാഷ്ട്രീയ കാരണങ്ങളാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പങ്കാളിത്തം സംശയത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്താമെന്ന പാകിസ്താന്റെ വാഗ്ദാനം.
'ഇന്ത്യ എന്തുകൊണ്ട് പാകിസ്താനില്‍ പര്യടനം നടത്തുന്നില്ല എന്നതായിരുന്നു ചോദ്യം. ഇക്കാര്യത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് തീരുമാനമെടുക്കേണ്ടതെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. ടൂര്‍ണമെന്റ് ഈ വര്‍ഷം നടത്താനുള്ള അവകാശം പാകിസ്താനായതിനാല്‍ മത്സരങ്ങള്‍ ഇവിടെത്തന്നെ നടക്കുമെന്ന പ്രതീക്ഷയും ഞാന്‍ പങ്കുവച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റേതാണ്'. വസീം ഖാന്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: India can play Asia Cup matches at neutral venue says PCB CEO