ബ്യൂണസ് ഐറിസ്: ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീനയെ അവരുടെ നാട്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ അടിയറവ് പറയിച്ച് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. അര്‍ജന്റീനയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം മൂന്നിനെതിരേ നാലുഗോളുകള്‍ക്കാണ് വിജയിച്ചത്. 

നിലാകാന്ത ശര്‍മ (16), ഹര്‍മന്‍പ്രീത് സിങ് (28), രൂപീന്ദര്‍ പാല്‍ സിങ് (33), വരുണ്‍ കുമാര്‍ (47) എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടി. 

അര്‍ജന്റീനയ്ക്കായി ഡ്രാഗ്ഫ്‌ലിക്കര്‍ ലിയാന്‍ഡ്രോ ടോളിനി (35, 53) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മായ്‌കോ ക്യാസെല്ല (41) മൂന്നാം ഗോള്‍ സ്വന്തമാക്കി. ആദ്യ ക്വാര്‍ട്ടറില്‍ പതിഞ്ഞ കളിയാണ് ഇരുടീമുകളും പുറത്തെടുത്തത്. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ നന്നായി കളിക്കാന്‍ തുടങ്ങിയതോടെ മത്സരം ആവേശത്തിലായി. 

മലയാളിതാരവും ഇന്ത്യന്‍ ഗോള്‍കീപ്പറുമായ പി.ആര്‍.ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. പര്യടനത്തിലെ അടുത്ത മത്സരത്തില്‍ ഇരുടീമുകളും ഇന്ന് രാത്രി കൊമ്പുകോര്‍ക്കും. 16 ദിവസത്തെ പര്യടനത്തിനിടെ ആറുമത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

Content Highlights: India beat Argentina 4-3 for winning start to tour