ന്യൂഡല്‍ഹി: സൗരവ് ഗാംഗുലിക്ക് കീഴില്‍ ടീം ഇന്ത്യ പുറത്തെടുത്തിരുന്ന പോരാട്ടവീര്യം മുന്നോട്ടുകൊണ്ടുപോകുകയാണ് ഇപ്പോഴത്തെ ടീമെന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായത്തോട് യോജിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍.

ബംഗ്ലാദേശിനെതിരായ പരമ്പര വിജയത്തിനു ശേഷം സംസാരിക്കുന്നതിനിടയിലാണ് കോലി, ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി സംസാരിച്ചത്. വിദേശത്ത് ഇന്ത്യന്‍ ടീം വിജയക്കുതിപ്പ് തുടങ്ങിയത് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണെന്നായിരുന്നു കോലിയുടെ പരാമര്‍ശം.

എന്നാല്‍ കോലിയുടെ പ്രസ്താവനയ്‌ക്കെതിരേ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌ക്കര്‍ രംഗത്തെത്തിയിരുന്നു. നിലവില്‍ ബി.സി.സി.ഐ പ്രസിഡന്റായ ഗാംഗുലിയെ കുറിച്ച് നല്ല വാക്കുകള്‍ കോലിക്ക് പറയേണ്ടതുണ്ടാകുമെന്നും കോലി ജനിക്കുന്നതിന് മുമ്പേ ഇന്ത്യന്‍ ടീം വിജയിച്ചിട്ടുണ്ടെന്നുമായിരുന്നു ഗാവസ്‌ക്കറുടെ വാക്കുകള്‍.

1970-കളിലും 80-കളിലും ഇന്ത്യന്‍ ടീം വിജയിച്ചിട്ടുണ്ടെന്നും അന്ന് കോലി ജനിച്ചിട്ടുപോലുമില്ലെന്നും ഗാവസ്‌ക്കര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഗംഭീറും ഗാംഗുലിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

വിദേശത്ത് ഇന്ത്യ കൂടുതല്‍ മത്സരങ്ങള്‍ ജയിച്ചു തുടങ്ങിയത് ഗാംഗുലിയുടെ നേതൃത്വത്തിലാണെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. സുനില്‍ ഗാവസ്‌ക്കര്‍, കപില്‍ ദേവ് എന്നിവര്‍ക്കും അവര്‍ക്കു പിന്നാലെ വന്ന ക്യാപ്റ്റന്‍മാര്‍ക്കു കീഴിലും നാട്ടില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ടീമായിരുന്നു ഇന്ത്യ. എന്നാല്‍ വിദേശത്ത് കൂടുതല്‍ വിജയങ്ങള്‍ ടീമിന് നേടാനായത് ഗാംഗുലിക്ക് കീഴിലാണ്. വിദേശത്തെ വിജയങ്ങളെ കുറിച്ചാകും കോലി പറഞ്ഞിരിക്കുകയെന്നും അക്കാര്യം ശരിയാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

Content Highlights: India away wins under Sourav Ganguly Gautam Gambhir supports Virat Kohli