ന്യൂഡല്‍ഹി: കബഡി ലോകകപ്പില്‍ വിജയിച്ച പാകിസ്താന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ 'അനൗദ്യോഗിക' ടീമിനെ നേരിയ വ്യത്യാസത്തില്‍ തോല്‍പ്പിച്ചാണ് പാകിസ്താന്‍ ചാമ്പ്യന്‍മാരായത്. സ്‌കോര്‍: 43-41. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇമ്രാന്‍ ഖാന്റെ അഭിനന്ദനം. 'കബഡി ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ചാമ്പ്യന്‍മാരായ പാകിസ്താന് അഭിനന്ദനങ്ങള്‍.' ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. 

എന്നാല്‍ പാകിസ്താനിലേക്ക് കബഡി ലോകകപ്പിനായി ഇന്ത്യയുടെ ഔദ്യോഗിക ടീമിനെ അയച്ചിട്ടില്ലെന്ന് കേന്ദ്ര കായികമന്ത്രാലയവും ദേശീയ കബഡി ഫെഡറേഷനും നേരത്തെ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ കായിക മന്ത്രാലയത്തിന്റേയും വിദേശകാര്യ മന്ത്രാലയത്തിന്റേയും അനുമതി നിര്‍ബന്ധമാണ്. എന്നാല്‍ വാഗാ അതിര്‍ത്തി കടന്ന ലാഹോറിലെത്തിയ ഇന്ത്യന്‍ ടീമിന് ആരും അനുമതി നല്‍കിയിരുന്നില്ല. അതോടൊപ്പം ഈ ലോകകപ്പിന് അംഗീകാരമില്ലെന്ന് ലോക കബഡി ഫെഡറേഷനും വ്യക്തമാക്കിയിരുന്നു. 45 കളിക്കാരും 12 ഒഫീഷ്യലുകളുമാണ് പാകിസ്താനിലെത്തിയത്. 

കഴിഞ്ഞ ആറു ലോക കബഡി ചാമ്പ്യന്‍ഷിപ്പുകളും നടന്നത് ഇന്ത്യയിലാണ്. ആറു തവണയും ഇന്ത്യയായിരുന്നു ചാമ്പ്യന്‍മാര്‍. 2010, 2012,2013,2014 വര്‍ഷങ്ങളില്‍ പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. 

 

Content Highlights: Imran Khan Congratulates Pakistan for Beating Unofficial Indian Team in Kabaddi World Cup Final