തൃശൂര്‍: കോവിഡ്-19 രോഗ വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നടപടികളുടെ ഭാഗമായി ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം വിജയന്‍.

ലോക്ക് ഡൗണ്‍ നടപ്പാക്കിയ സര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ച അദ്ദേഹം ഇതിന്റെ ഭാഗമായി കേരള പോലീസ് നന്നായി ബുദ്ധിമുട്ടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ''പോലീസ് അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. ഞാന്‍ തന്നെ സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പോകുമ്പോള്‍ മൂന്നുവട്ടമാണ് എന്നെ തടഞ്ഞത്. ഒറ്റയ്ക്കായിരുന്നു. കാര്യങ്ങളെല്ലാം ചോദിച്ച ശേഷമാണ് എന്നെ പോകാന്‍ അനുവദിച്ചത്. ഒരു വിട്ടുവീഴ്ചയുമില്ലായിരുന്നു'', വിജയന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

ലോക്ക് ഡൗണ്‍ നടപടികള്‍ മൂലമുണ്ടാകുന്ന അസൗകര്യങ്ങളുടെ പേരില്‍ പോലീസിനോട് തട്ടിക്കയറുകയും മറ്റും ചെയ്യുന്ന പ്രവണത ഒട്ടും ശരിയല്ലെന്നും പോലീസുകാരന്‍ കൂടിയായ വിജയന്‍ പറയുന്നു. ''എല്ലാവര്‍ക്കും വേണ്ടിയാണ് പോലീസ് ആളുകളെ തടയുന്നത്. അവര്‍ക്കും കുടുംബവും കുട്ടികളുമെല്ലാം ഉണ്ട്. അതൊക്കെ വിട്ടിട്ടാണ് അവരിപ്പോള്‍ നമുക്കു വേണ്ടി ജോലി ചെയ്യുന്നത്. അവരും മനുഷ്യരല്ലേ? യൂണിഫോമും തൊപ്പിയുമൊക്കെയിട്ട് ഇപ്പോഴത്തെ ഈ വെയിലത്ത് നില്‍ക്കുക എന്ന് പറഞ്ഞാല്‍ ചില്ലറ കാര്യമല്ല, എനിക്കൊക്കെ നന്നായി അറിയാം'', വിജയന്‍ വ്യക്തമാക്കി.

Content Highlights: im vijayan on india lock down due to covid-19