ചേതൻ ശർമ്മ, സഞ്ജു
ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണിന് ഇനി ദേശീയ ടീമിലെ സ്ഥാനം തുലാസിലാണെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ. ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തില്‍ ഇഷാന്‍ കിഷന്റെ ഡബിള്‍ സെഞ്ചുറിയും ശുഭ്മാന്‍ ഗില്ലിന്റെ മിന്നും ഫോമും സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരുടെ കരിയര്‍ അപകടത്തിലാക്കിയെന്നാണ് ചേതര്‍ ശര്‍മ്മയുടെ പ്രതികരണം. ഒരു ദേശീയ മാധ്യമം നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് സഞ്ജുവിനെക്കുറിച്ച് ഉള്‍പ്പെടെയുള്ള വിവാദമായ വെളിപ്പെടുത്തലുകള്‍ ചേതന്‍ ശര്‍മ്മ നടത്തിയത്.
സഞ്ജുവിനെ ടീമിലെടുത്തില്ലെങ്കില്‍ ട്വിറ്ററില്‍ ആളുകള്‍ ബിസിസിഐക്കെതിരേ തിരിയുമെന്നും ഇക്കാര്യം തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും സമീപകാലത്ത് സഞ്ജുവിനെ ടീമിലെടുക്കാതിരുന്നപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടി ചേതന്‍ ശര്‍മ പറഞ്ഞു. എന്നാല്‍ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ചുറി സഞ്ജു, രാഹുല്‍, ധവാന്‍ എന്നിവരുടെ കരിയര്‍ അപകടത്തിലാക്കിയെന്നും ചേതന്‍ ശര്‍മ്മ വെളിപ്പെടുത്തി. താരങ്ങളുടെ നിലവിലെ ഫോമില്‍ സെലക്ടര്‍മാരുടെ ജോലി പ്രയാസകരമാണ്. മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ എങ്ങനെയാണ് ടീമില്‍ ഉള്‍പ്പെടുത്താനാകുകയെന്നും അദ്ദേഹം ചോദിച്ചു.
രോഹിത്, കോലി തുടങ്ങിയവര്‍ക്ക് വിശ്രമം നല്‍കിയത് ടീമില്‍ ശുഭ്മാന്‍ ഗില്ലിന് കൂടുതല്‍ അവസരം നല്‍കാന്‍ വേണ്ടിയാണ്. രോഹിത് ഏറെക്കാലും ട്വന്റി 20യില്‍ ഉണ്ടാകില്ലെന്നും ഹാര്‍ദിക് പാണ്ഡ്യ വൈകാതെ മൂന്ന് ഫോര്‍മാറ്റിലും ദേശീയ ടീമിന്റെ നായകപദവി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഹിതും കോലിയും തമ്മില്‍ പിണക്കമില്ലെങ്കിലും ഇരുവരും തമ്മില്‍ ഈഗോ പ്രശ്‌നങ്ങളുണ്ട്. ഇവര്‍ക്ക് ഇഷ്ടക്കാരായി ടീമില്‍ ചില ആളുകളുണ്ടെന്നും ടീമിലെ ചില പ്രധാന താരങ്ങള്‍ ഫിറ്റ്‌നെസ് തെളിയിക്കുന്നതിനായി നിരോധിത ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ബിസിസിഐ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയും വിരാട് കോലിയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്നും ചേതന്‍ ശര്‍മ്മ പറഞ്ഞു. ഗാംഗുലി കാരണമാണ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതെന്നാണ് കോലി കരുതുന്നത്. ഗാംഗുലിയുടെ പല നിര്‍ദേശങ്ങള്‍ക്കും കോലി അനുസരിച്ചിരുന്നില്ല. യുഎഇയില്‍വെച്ചു നടന്ന ടി ട്വന്റി ലോകകപ്പിന് മുന്നോടിയായി വിരാട് കോലി ഇന്ത്യയുടെ ടിട്വിന്റി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി അറിയിച്ചിരുന്നു.
ക്യാപ്റ്റന്‍ പദവി ഒഴിയതരുതെന്ന് ഗാംഗുലി നിര്‍ദേശിച്ചെങ്കിലും പിന്‍മാറാന്‍ കോലി തയ്യാറായിരുന്നില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ ഇന്ത്യയ്ക്ക് വേണമെന്ന് സെലക്ടര്‍മാര്‍ക്ക് അഭിപ്രായമില്ലായിരുന്നുവെന്നും അതിനാല്‍ ടി ട്വന്റി നായകനായി രോഹിത്തിനെ നിയമിച്ച ശേഷം ഏകദിന ക്യാപ്റ്റന്‍സികൂടി താരത്തിന് നല്‍കുന്നതാണ് ഉചിതമെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നുവെന്നും ചേതന്‍ ശര്‍മ പറഞ്ഞു.
ചേതര്‍ ശര്‍മ്മയുടെ വിവാദ വെളിപ്പെടുത്തലുകളില്‍ ബിസിസിഐ വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: If you don't include him, people on Twitter blow us off: Chetan caught talking about Sanju
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..