ദുബായ്: പുല്‍വാമ ഭീകരാക്രമണം ഇന്ത്യ-പാകിസ്താന്‍ ബന്ധം വീണ്ടും വഷളാക്കിയിരിക്കുകയാണ്. ഇതിന്റെ ചുവടുപറ്റി മെയ് അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പിലെ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണം എന്നുവരെ ആവശ്യവും ശക്തമാണ്.

ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരത്തിന്റെ കാര്യത്തില്‍ ഇത്തരം സംശയങ്ങള്‍ നിലനില്‍ക്കെ കാര്യങ്ങളില്‍ വ്യക്തത വരുത്തി ഐ.സി.സി തന്നെ രംഗത്തെത്തി. ഇത്തരം സംഭവവികാസങ്ങളുടെ പേരില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് മത്സരം റദ്ദാക്കില്ലെന്ന് ഐ.സി.സി മേധാവി ഡേവ് റിച്ചാര്‍ഡ്സണ്‍ അറിയിച്ചു. 

മത്സരം റദ്ദാക്കില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും ഡേവ് റിച്ചാര്‍ഡ്സണ്‍ കൂട്ടിച്ചേര്‍ത്തു. മെയ് മുപ്പതിന് ആരംഭിക്കുന്ന ലോകകപ്പില്‍ ജൂണ്‍ 16-നാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം. 

നിലവിലെ മത്സരക്രമത്തില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ല. ഐ.സി.സിയിലെ അംഗങ്ങള്‍ക്കൊപ്പം നിലവിലെ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുകയാണെന്നും റിച്ചാര്‍ഡ്സണ്‍ പറഞ്ഞു. 

മത്സരങ്ങള്‍ക്ക്, പ്രത്യേകിച്ചും ക്രിക്കറ്റിന് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള, വ്യത്യസ്തമായ സംസ്‌കാരമുള്ള ആളുകളെ ഒന്നിച്ചുകൊണ്ടുപോകാനുള്ള കഴിവുണ്ട്. അത് അടിസ്ഥാനമാക്കി ഞങ്ങള്‍ അംഗങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും റിച്ചാഡ്‌സണ്‍ വ്യക്തമാക്കി. 

icc world cup matches will go ahead as planned says chief dave richardson

ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബഫ്നയാണ് രാജ്യം ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നില്‍ക്കെ ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെതിരേ കളിക്കരുതെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത്. 

പിന്നാലെ പല മുന്‍ മുന്‍ താരങ്ങളും ഇത്തരമൊരു ആവശ്യമുന്നയിച്ചിരുന്നു. പാകിസ്താനെതിരേ കളിച്ചില്ലെങ്കിലും മറ്റു മത്സരങ്ങള്‍ ജയിച്ച് ലോകകിരീടം നേടാനുള്ള മിടുക്ക് ഇന്ത്യയ്ക്കുണ്ടെന്ന് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും വ്യക്തമാക്കിയിരുന്നു.

Content Highlights: icc world cup matches will go ahead as planned says chief dave richardson