മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ അഞ്ചാം ഏകദിനത്തില്‍ നിന്ന് പാക് അമ്പയര്‍ അലീം ദാറിനെ ഐസിസി പിന്‍വലിച്ചു. മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ നിന്ന് സുരക്ഷാ കാരണങ്ങളാലാണ് ഐസിസി എലൈറ്റ് പാനലിലുള്ള ദാറിനെ പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ ചെന്നൈയില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ അലീം ദാര്‍ തന്നെ കളി നിയന്ത്രിക്കും.

ഇന്നലെ ഇന്ത്യ-പാക് പരമ്പര പുന:രാരംഭിക്കാന്‍ ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡ് തലവന്‍മാര്‍ തമ്മില്‍ നടത്താനിരുന്ന ചര്‍ച്ച ശിവസേന പ്രവര്‍ത്തകര്‍ ബിസിസിഐ ആസ്ഥാനത്തേക്ക് തള്ളിക്കയറിയതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ശിവസേനയുടെ ശക്തികേന്ദ്രമായ മുംബൈയില്‍ പാക് അമ്പയര്‍ക്ക് സുരക്ഷാഭീഷണി ഉള്ളതിനെ തുടര്‍ന്നാണ് ഐസിസി നടപടി.

അലീം ദാറിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എല്ലാ സുരക്ഷയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന  സാഹചര്യത്തില്‍ ദാറിനെ മുംബൈയില്‍ കളി നിയന്ത്രിക്കാന്‍ നിയോഗിക്കുന്നത് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാണിച്ച് ഐസിസി അദ്ദേഹത്തെ പിന്‍വലിക്കുകയായിരുന്നു.

Akram And Akthar

ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ കമന്റേറ്റര്‍മാരായ വസീം അക്രവും ഷുഐബ് അക്തറും നാലാം ഏകദിനത്തിന് ശേഷം പാകിസ്താനിലേക്ക് മടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. മുംബൈയില്‍ നടക്കുന്ന അവസാന ഏകദിനത്തില്‍ കളി വിലയിരുത്താന്‍ ഇവരുണ്ടാകില്ല.