ദുബായ്: ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് മത്സര ഇനമാക്കാനുള്ള നീക്കവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ഐസിസി വ്യക്തമാക്കി. ഇതിനായി ഒരു വര്‍ക്കിങ് ഗ്രൂപ്പിനെ നിയമിച്ചു. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഇയാന്‍ വാട്‌മോറാണ് ഐസിസി ഒളിമ്പിക് വര്‍ക്കിങ് കമ്മിറ്റി ഗ്രൂപ്പ് അധ്യക്ഷന്‍. 

അമേരിക്കയില്‍ 30 മില്ല്യണ്‍ ക്രിക്കറ്റ് ആരാധകരാണുള്ളത്. ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റിന്റെ തിരിച്ചുവരവിന് അനുയോജ്യമായ വേദിയാണ് ലോസ് ഏഞ്ചല്‍സിലേതെന്നും ഐസിസി വ്യക്തമാക്കുന്നു.

ഒളിമ്പിക്‌സില്‍ ഒരൊറ്റ തവണ മാത്രമാണ് ക്രിക്കറ്റ് മത്സര ഇനമായത്. 1900-ത്തിലെ പാരിസ് ഒളിമ്പിക്‌സിലായിരുന്നു ഇത്. അന്ന് ബ്രിട്ടനും ഫ്രാന്‍സും മാത്രമാണ് മത്സരിച്ചത്. രണ്ടു ദിവസം നീണ്ടുനിന്ന മത്സരത്തില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് ബ്രിട്ടന്‍ ജേതാക്കളായി. 

അതേസമയം അടുത്ത വര്‍ഷം ബെര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് മത്സര ഇനമായി ഉണ്ടാകും. 1998-ന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമാകുന്നത്. ഇത്തവണ വനിതാ ക്രിക്കറ്റും മത്സര ഇനമായി ഉണ്ടാകും.

Content Highlights: ICC to push for cricket's inclusion in Olympics, Los Angeles 2028 'primary target'