ദുബായ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ കുതിപ്പുമായി ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. ആദ്യമായി മായങ്ക് ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. ആദ്യ പത്തില്‍ നാല് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുണ്ട്.

700 പോയന്റുമായി മായങ്ക് റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ്. വിരാട് കോലി (928), ചേതേശ്വര്‍ പൂജാര (791), അജിങ്ക്യ രഹാനെ (759) എന്നിവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.

ICC Test rankings Mayank Agarwal breaks in top 10

931 പോയന്റുമായി ഓസീസ് താരം സ്റ്റീവ് സ്മിത്താണ് റാങ്കിങ്ങില്‍ മുന്നില്‍. അതേസമയം ബംഗ്ലാദേശ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ റാങ്കിങ്ങില്‍ കോലി, സ്മിത്തുമായുള്ള അകലം മൂന്നു പോയന്റാക്കി കുറച്ചു. മുന്‍പ് പുറത്തിറങ്ങിയ റാങ്കിങ് പ്രകാരം 25 പോയന്റിന്റെ വ്യത്യാസമാണ് ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്.

ICC Test rankings Mayank Agarwal breaks in top 10

ബൗളര്‍മാരില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ കിവീസ് താരം നീല്‍ വാഗ്നര്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ദീര്‍ഘ നാളായി ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്തുണ്ട്. ഒമ്പതാം സ്ഥാനത്തുള്ള രവിചന്ദ്രന്‍ അശ്വിനാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.

ICC Test rankings Mayank Agarwal breaks in top 10

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ രണ്ടാമതുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ആര്‍. അശ്വിനാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.

Content Highlights: ICC Test rankings Mayank Agarwal breaks in top 10