ദുബായ്: അഴിമതിവിരുദ്ധ ചട്ടം ലംഘിച്ച രണ്ട് യു.എ.ഇ താരങ്ങള്‍ക്ക് ഐ.സി.സിയുടെ വിലക്ക്. ആമിര്‍ ഹയാത്ത്, അഷ്ഫാഖ് അഹമ്മദ് എന്നീ താരങ്ങളെയാണ് ഐ.സി.സി വിലക്കിയിരിക്കുന്നത്. 

ഐ.സി.സി അഴിമതിവിരുദ്ധ ചട്ടത്തിലെ 2.1.3 (ഒത്തു കളിക്കാന്‍ വേണ്ടി പണം വാങ്ങുക), 2.4.2 (ഇത്തരത്തില്‍ ഉപഹാരങ്ങളും മറ്റും സ്വീകരിച്ചത് ഐ.സി.സിയുടെ അഴിമതിവിരുദ്ധ യൂണിറ്റിനെ അറിയിക്കാതിരിക്കുക), 2.4.3, 2.4.4, 2.4.5 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ നടപടിയെടുത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ട്വന്റി 20 ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് താരങ്ങള്‍ വാതുവെയ്പ്പ് നടത്തിയത്. ഈ സമയത്തു തന്നെ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

ആമിര്‍ ഹയാത്ത്, അഷ്ഫാഖ് അഹമ്മദ് എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ പ്രതികരണമറിയിക്കാന്‍ സെപ്റ്റംബര്‍ 13 മുതല്‍ 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 

യു.എ.ഇക്ക് വേണ്ടി ഒമ്പത് ഏകദിനങ്ങളും നാല് ട്വന്റി 20 മത്സരങ്ങളും കളിച്ച താരമാണ് ആമിര്‍ ഹയാത്ത്. അഷ്ഫാഖ് അഹമ്മദ് 16 ഏകദിനങ്ങളും 12 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Content Highlights: ICC suspends two UAE players for breaching anti-corruption code