ഡഗ്ഔട്ടിൽ നിന്ന് ഫോണിൽ സംസാരിക്കുന്ന ചിത്രം ഫോട്ടോ: ട്വിറ്റർ
കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടെ കറാച്ചി കിങ്‌സിന്റെ സി.ഇ.ഒ താരിഖ് വാസി ഡഗ്ഔട്ടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച വിവാദത്തില്‍ പ്രതികരണവുമായി ഐ.സി.സി. പാകിസ്താന്‍ സൂപ്പര്‍ ലീഗ് ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റാണെന്നും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഐ.സി.സി വ്യക്തമാക്കി. ഐ.സി.സിയുടെ അധികാരപരിധിയില്‍ വരാത്ത കാര്യമായതിനാല്‍ ഇടപെടേണ്ടെന്ന് ഗവേണിങ് ബോഡി തീരുമാനിച്ചതായും ഐ.സി.സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.
പെഷവാര്‍ സല്‍മിയും കറാച്ചി കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു വിവാദ സംഭവമുണ്ടായത്. കറാച്ചി കിങ്‌സിന്റെ സി.ഇ.ഒ താരിഖ് വാസി ഡഗ്ഔട്ടിലിരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു. മത്സരം നടക്കുന്നതിനിടയില്‍ ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കാമോ എന്നായിരുന്നു മുതിര്‍ന്ന താരങ്ങളുടേയും ആരാധകരുടേയും ചോദ്യം. പാകിസ്താന്റെ മുന്‍ പേസ് ബൗളര്‍ ഷുഐബ് അക്തര്‍ ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി.
ഇതിന് പിന്നാലെ കറാച്ചി കിങ്‌സ് കോച്ച് ഡീന്‍ ജോണ്‍സ് വിശദീകരണവുമായി രംഗത്തെത്തി. ട്വന്റി-20 ടൂര്‍ണമെന്റുകള്‍ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള ഏക വ്യക്തി സി.ഇ.ഒ ആണെന്നും പരിശീലനത്തിനായുള്ള സമയം നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് കറാച്ചിയുടെ സി.ഇ.ഒ താരിഖ് ഫോണില്‍ സംസാരിച്ചതെന്നും ഡീന്‍ ജോണ്‍സ് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ കറാച്ചി കിങ്‌സിന്റെ മീഡിയാ മാനേജര്‍ ഫൈസല്‍ മിര്‍സ, താരിഖ് വാസി മാനേജറാണെന്ന് പറഞ്ഞതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയായിരുന്നു. എന്നാല്‍ ടീം ലിസ്റ്റില്‍ മാനേജറുടെ പേരിന്റെ സ്ഥാനത്ത് നവൈദ് റഷീദ് എന്നാണുള്ളത്. അതേസമയം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഐ.സി.സിയുടെ നിയമപ്രകാരം ഡ്രസ്സിങ് റൂമിലും ഡഗ്ഔട്ടിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ആശയവിനിമയത്തിന് വാക്കി ടോക്കി ഉപയോഗിക്കാന്‍ മാത്രമാണ് അനുവാദമുള്ളത്. ടീമിനൊപ്പമുള്ള ഐ.സി.സിയുടെ അഴിമതി വിരുദ്ധ യൂണിറ്റിലെ ഉദ്യോഗസ്ഥന് മത്സരം തുടങ്ങുന്നതിന് മുമ്പ് താരങ്ങള്‍ മൊബൈല്‍ ഫോണ്‍ കൈമാറുകയും വേണം. അതേസമയം താരങ്ങളുടെ വ്യക്തിപരമായ എന്തെങ്കിലും പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്കോ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാനോ ടീം സി.ഇ.ഒമാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെന്ന് ഐ.സി.സിയുടെ നിയമത്തില്‍ ഇളവ് നല്‍കുന്നുണ്ട്.
Content Highlights: ICC reacts after mobile phone was used in Karachi Kings dugout in PSL 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..