ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ജസ്പ്രീത് ബുംറയും ഒന്നാം റാങ്ക് നിലനിര്‍ത്തി. ബാറ്റ്സ്മാന്‍മാരുടെ റാങ്കിങ്ങില്‍ 895 പോയന്റുമായി കോലി വളരെ മുന്നിലാണ്. ഇന്ത്യയുടെ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 

ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ മറ്റു ഇന്ത്യക്കാരില്ല. ശിഖര്‍ ധവാന്‍ 19-ാം സ്ഥാനത്തേക്ക് വീണു. ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാമതുമാണ്. ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. 

ബൗളര്‍മാരില്‍ 797 പോയന്റുമായി ബുംറ ഒന്നാംസ്ഥാനത്ത് തുടരുന്നു. ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് രണ്ടാമത്. 740 പോയിന്റാണ് ബോള്‍ട്ടിനുള്ളത്. അതേസമയം ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയെ മറികടന്ന് അഫ്ഗാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ മൂന്നാം സ്ഥാനത്തെത്തി. 

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള ഏക ഇന്ത്യക്കാരന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് താരം ബെന്‍ സ്റ്റോക്ക്‌സ് ആണ് ഒന്നാമത്.

Content Highlights: ICC ODI Ranking Virat Kohli Jasprit Bumrah