റോഡയിലെ തീപ്പെട്ടിക്കൂട് പോലെയുള്ള ഒരു അപാര്‍ട്‌മെന്റിലാണ് കുട്ടിക്കാലത്ത് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ താമസിച്ചിരുന്നത്. എന്നാല്‍ മുംബൈയില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വീട്ടിലാണ് ഹാര്‍ദിക് ഇപ്പോള്‍ കിടന്നുറങ്ങുന്നത്. എല്ലാം ക്രിക്കറ്റ് നല്‍കിയ പണമാണെന്ന് ഇന്ത്യന്‍ താരം പറയുന്നു.

ഇന്ത്യന്‍ ടീമിനായി കളിച്ചുകിട്ടുന്ന വരുമാനവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നല്‍കുന്ന വേതനവും ഹാര്‍ദികിന് അനുഗ്രഹമാണ്. ക്രിക്കറ്റില്‍ പണം പ്രധാനമാണ്. താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ അത് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. കോടിക്കണക്കിന് രൂപ പ്രതിഫലമില്ലെങ്കില്‍ ആരും ക്രിക്കറ്റ് പോലും കളിക്കില്ലെന്നും 'ക്രിക്കറ്റ് മന്ത്‌ലി'ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദിക് പറയുന്നു.

'പണമാണ് ജീവിതത്തില്‍ പ്രധാനം. അതിന് പലതും മാറ്റിമറിക്കാന്‍ കഴിയും. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണം ഞാന്‍ തന്നെയാണ്. ക്രിക്കറ്റ് കളിച്ച് പണമുണ്ടാക്കിയില്ലെങ്കില്‍ ഞാനിപ്പോള്‍ ഏതെങ്കിലും പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്നുണ്ടാകും. ഞാന്‍ തമാശ പറയുകയല്ല. എന്നെ സംബന്ധിച്ച് എനിക്ക് എന്റെ കുടുംബമാണ് വലുത്. എന്റെ കുടുംബാംഗളെല്ലാം മികച്ച നിലയിലെത്തുക എന്നതാണ് എന്റെ സന്തോഷം.' ഹാര്‍ദിക് വ്യക്തമാക്കുന്നു. 

'2019-ല്‍ ഒരു സുഹൃത്തുമായി നടന്ന സംഭാഷണത്തിനിടയില്‍ അദ്ദേഹം പറഞ്ഞു. യുവതാരങ്ങള്‍ക്ക് പണം നല്‍കേണ്ട ആവശ്യമില്ല എന്ന്. ഞാന്‍ അതിനെ എതിര്‍ത്തു. ഒരു ഗ്രാമത്തില്‍ നിന്ന് ഒരു യുവതാരത്തിന് വലിയ കരാര്‍ ലഭിക്കുമ്പോള്‍ അതിലൂടെ ലഭിക്കുന്ന പണം അവന്‍ അവന് വേണ്ടി മാത്രമല്ല ചിലവഴിക്കുന്നത്‌. രക്ഷിതാക്കളുടേയും ബന്ധുക്കളുടേയുമെല്ലാം ഉത്തരവാദിത്വം അവന്റെ തോളിലാകും. കളിച്ചുകിട്ടുന്ന പണം കൊണ്ടായിരിക്കും അവന്‍ അവരെയെല്ലാം സംരക്ഷിക്കുക. ക്രിക്കറ്റിനോടുള്ള താത്പര്യത്തിനൊപ്പം പണവും ചേരുമ്പോഴേ പൂര്‍ണമാകൂ. വരുമാനമില്ലെങ്കില്‍ ആരെങ്കിലും ക്രിക്കറ്റ് കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.' ഹാര്‍ദിക് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു. 

Content Highlights: I would be working at a petrol pump if not for money in cricket says Hardik Pandya