-
കറാച്ചി: ഗ്രൗണ്ടിനുള്ളിലും ഗ്രൗണ്ടിനു പുറത്തുമുള്ള വിഷയങ്ങളിൽ തന്റെ അഭിപ്രായവുമായി പാകിസ്താന്റെ മുൻതാരം ഷുഐബ് അക്തർ എപ്പോഴും രംഗത്തെത്താറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അക്തർ അഭിപ്രായം രേഖപ്പെടുത്തുക. ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം അക്തർ അധികസമയം ചിലവഴിക്കുന്നതും ഈ യൂട്യൂബ് ചാനലിന് വേണ്ടിയാണ്. ഇത്തവണ തന്റെ രാജ്യസ്നേഹം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുകയാണ് റാവൽപിണ്ടി എക്സ്പ്രസ്.
പാകിസ്താന്റെ സൈനികത്തലവൻ തന്നോടൊപ്പം ഇരുന്ന് നിർണായകമായ തീരുമാനങ്ങളെടുക്കുകയാണെങ്കിൽ പുല്ല് തിന്നിട്ടാണെങ്കിലും പാക് സൈന്യത്തിന്റെ ബജറ്റ് താൻ കൂട്ടുമെന്ന് അക്തർ പറയുന്നു. ബജറ്റ് വിഹിതം 20 ശതമാനമാണെങ്കിൽ അത് 60 ശതമാനമായി ഉയർത്തുമെന്നാണ് അക്തറിന്റെ വാഗ്ദ്ധാനം. എന്നാൽ ഇത്തവണ യൂട്യൂബ് ചാനലിലൂടെ ആയിരുന്നില്ല അക്തറിന്റെ രംഗപ്രവേശം. പാക് മാധ്യമമായ എആർവൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മുൻതാരത്തിന്റെ പരാമർശം.
'പാകിസ്താനിലെ പൊതുജനത്തിന് സായുധസൈന്യവുമായി പ്രവർത്തിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. അവസരം കിട്ടിയാൽ പാക് സൈന്യത്തിന്റെ ആത്മവീര്യം ഉയർത്താനുള്ള കാര്യങ്ങളെല്ലാം ഞാൻ ചെയ്യും. നമ്മൾ പരസ്പരം പഴിചാരിക്കൊണ്ടിരുന്നാൽ നഷ്ടം നമുക്കു തന്നെയാണെന്ന് ഓർത്താൽ നല്ലത്.' അക്തർ ചൂണ്ടിക്കാട്ടുന്നു.
1999-ൽ നടന്ന കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ താൻ ആഗ്രഹിച്ചിരുന്നതായും അതിനായി 1.75 കോടി രൂപയുടെ കൗണ്ടി ക്രിക്കറ്റ് കരാർ റദ്ദാക്കിയതായും നേരത്തെ അക്തർ വ്യക്തമാക്കിയിരുന്നു. കൗണ്ടി ടീം നോട്ടിങ്ഹാമിൽ നിന്ന് ലഭിച്ച ഓഫറാണ് അക്തർ നിരസിച്ചത്.
Content Highlights: I will eat grass but increase their budget, Shoaib Akhtar Interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..