ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വീണ്ടും വിവാദക്കുരുക്കില്‍. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെതിരേ അഴിമതിയാരോപണം ഉന്നയിച്ച താരത്തിനെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് അസോസിയേഷന്‍.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പ്രസിഡന്റായ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനില്‍ (എച്ച്.സി.എ) വന്‍ അഴിമതിയാണ് നടക്കുന്നതെന്നായിരുന്നു റായുഡുവിന്റെ ആരോപണം. വിഷയത്തില്‍ തെലങ്കാന വ്യവസായിക, മുന്‍സിപ്പല്‍ ഭരണകാര്യമന്ത്രി കെ.ടി രാമറാവു ഇടപെടണമെന്നും റായുഡു ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു.

അസോസിയേഷനിലെ ഒരുപറ്റം ആളുകള്‍ക്കെതിരെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ കേസുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റായുഡുവിന്റെ ട്വീറ്റ്. ഇതിനു പിന്നാലെ താരത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രസിഡന്റ് അസ്ഹറുദ്ദീന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് താരത്തിനെതിരേ എച്ച്.സി.എ നിയമനടപടിക്ക് ഒരുങ്ങുന്നത്. ലോകകപ്പ് ടീമില്‍ ഇടംനഷ്ടപ്പെട്ടതിനു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം തിരിച്ചെത്തിയ റായുഡു സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ഹൈദരാബാദിനെ നയിക്കുകയും ചെയ്തിരുന്നു.

Content Highlights: Hyderabad Cricket Association set to take legal action against Ambati Rayudu