ചെന്നൈ: ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന ആര്‍.അശ്വിന്‍ ഐപിഎല്ലിനിടെ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഏറെ അമ്പരപ്പോടെയാണ് ആരാധകര്‍ ഈ വാര്‍ത്തയെ സ്വീകരിച്ചത്. വിദേശ താരങ്ങളില്‍ ചിലര്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറിയെങ്കിലും ഒരു ഇന്ത്യന്‍ താരം എന്തുകൊണ്ട് ടൂര്‍ണമെന്റ് ഉപേക്ഷിച്ചു എന്നതായിരുന്നു ആരാധകരുടെ ചോദ്യം. അതിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് അശ്വിന്‍.

അച്ഛനും അമ്മയ്ക്കും മക്കള്‍ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് അശ്വിന്‍ അങ്ങനെയൊരു തീരുമാനമെടുത്തത്. പേടിസ്വപ്‌നങ്ങള്‍ മാത്രം നിറഞ്ഞ ഒരാഴ്ച്ചക്കാലം എന്നാണ് ഈ ദിവസങ്ങളെ അശ്വിന്‍ വിശേഷിപ്പിക്കുന്നത്. 'ഞാന്‍ ഐപിഎല്ലില്‍ കളിക്കുകയായിരുന്നതിനാല്‍ കുടുംബാംഗങ്ങള്‍ എന്നെ ഒന്നും അറിയിച്ചില്ല. എന്നാല്‍ എന്റെ മക്കള്‍ക്ക് കടുത്ത പനിയും വയറിളക്കവും വന്നു. 3-4 ദിവസം ഇതു നീണ്ടുനിന്നു. മരുന്നു കൊടുത്തിട്ടും പനി കുറായിതിരുന്നതോടെ ഭാര്യ പേടിച്ചു. 

എന്റെ അച്ഛന്‍, അമ്മ, മക്കള്‍, ഭാര്യയുടെ അച്ഛനും അമ്മയും, മറ്റു രണ്ടു ബന്ധുക്കള്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ അഞ്ചു ദിവസം എന്റെ അച്ഛന് പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ഓക്‌സിജന്‍ ലെവല്‍ താഴ്ന്നു. 85-ലും താഴെയെത്തി. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചു ദിവസങ്ങള്‍ക്കുശേഷമാണ് ഓക്‌സിജന്‍ ലെവല്‍ നേരെയായത്. 

അച്ഛന്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. അതുകൊണ്ടുമാത്രമാണ് അദ്ദേഹത്തെ ഞങ്ങള്‍ക്കു തിരിച്ചുകിട്ടിയത്. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണം. നിങ്ങള്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടാകണം എന്നില്ല. എന്നാല്‍ നിങ്ങളില്‍ നിന്ന് കോവിഡ് ബാധിതനാകുന്നത് ഒരു കുടുംബത്തിന്റെ ഏക ആശ്രയമായ വ്യക്തിയായിരിക്കാം. കോവിഡില്‍ നിന്നുള്ള ഏക വഴി വാക്‌സിന്‍ സ്വീകരിക്കുക എന്നതാണ്'. അശ്വിന്‍ പറയുന്നു.

Content Highlights: How R Ashwins family has been dealing with a Covid 19 crisis