ലാഹോര്‍: കൊറോണ ഭീതി ലോക കായിക രംഗത്തേയും ബാധിച്ചതിനു പിന്നാലെ ചൈനീസ് ജനതയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തര്‍.

ചൈനക്കാരുടെ ആഹാര രീതിയെ വിമര്‍ശിച്ച അക്തര്‍, ഇതാണ് ഇപ്പോള്‍ ലോകത്തിന് മുഴുവന്‍ ഭീഷണിയായിരിക്കുന്നതെന്നും തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് താരം ചൈനക്കെതിരേ സംസാരിക്കുന്നത്.

''എന്തിനാണ് നിങ്ങള്‍ വവ്വാല്‍ തുടങ്ങിയ ജീവികളെ കഴിക്കുന്നതെന്നും അവയുടെ രക്തവും മൂത്രവുമടക്കം കുടിക്കുന്നതെന്നും മനസിലാകുന്നില്ല. എന്നിട്ട് ഇതിലൂടെ വൈറസുകള്‍ ലോകമെമ്പാടും പടരുന്നു. ചൈനയിലെ ജനങ്ങളെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ലോകത്തെ മുഴുവന്‍ അപകടത്തിലാക്കുകയാണ് ചൈന ചെയ്തിരിക്കുന്നത്. എങ്ങനെയാണ് വവ്വാല്‍, പട്ടി, പൂച്ച എന്നിവയെ കഴിക്കാന്‍ സാധിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല'', അക്തര്‍ പറഞ്ഞു.

ഇത് വിനോദ സഞ്ചാരമേഖലയേയും സാമ്പത്തിക മേഖലയേയും സാരമായി ബാധിച്ചിരിക്കുകയാണെന്ന് പറഞ്ഞ താരം ലോകം മുഴുവന്‍ നിശ്ചലമാവാന്‍ പോവുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

ഇതിനു പിന്നാലെ തന്റെ പ്രതികരണം അക്തര്‍ ഒന്ന് മയപ്പെടുത്തി. താന്‍ ചൈനയിലെ ജനങ്ങള്‍ക്കെതിരെയല്ല പറഞ്ഞതെന്നും അവിടത്തെ മൃഗ സംരക്ഷണത്തെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ''ഞാന്‍ ചൈനീസ് ജനതയ്‌ക്കെതിരല്ല. മൃഗ സംരക്ഷണ നിയമങ്ങള്‍ക്കെതിരെയാണ് സംസാരിച്ചത്. ഇത് നിങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാകാം, പക്ഷേ അത് നിങ്ങള്‍ക്ക് യാതൊരു തരത്തിലും ഗുണകരമാകുന്നില്ല. ഇപ്പോള്‍ ഇത് മനുഷ്യരാശിയെ നശിപ്പിക്കുകയാണ്. നിങ്ങള്‍ക്ക് അങ്ങനെ കണ്ണില്‍ കണ്ടതിനെയെല്ലാം കഴിക്കാനാവില്ല'', അക്തര്‍ പറഞ്ഞു.

കോവിഡ്-19 ഭീതിയെ തുടര്‍ന്ന് പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ (പി.എസ്.എല്‍) ശേഷിക്കുന്ന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ പാക ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചതാണ് അക്തറിനെ പ്രകോപിച്ചത്.

''എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാകിസ്താനില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നത്. ആദ്യമായി രാജ്യത്ത് നടക്കുന്ന പി.എസ്.എല്ലും ഇപ്പോള്‍ അപകടത്തിലാണ്. വിദേശ താരങ്ങളെല്ലാം തന്നെ മടങ്ങിപ്പോകുന്നു. കളികളെല്ലാം അടച്ചിട്ട സ്‌റ്റേഡിയത്തിലും'', അക്തര്‍ ചൂണ്ടിക്കാട്ടി.

Content Highlights: How can you eat bats and dogs Shoaib Akhtar angry over coronavirus outbreak