കോഴിക്കോട്: സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലുകളിലേക്കുള്ള തിരഞ്ഞെടുപ്പും കായികതാരങ്ങളെ പുറത്താക്കലും വിവാദമായി. കോളേജ്-സ്‌കൂള്‍ ഹോസ്റ്റലുകളിലേക്ക് ഇത്തവണ കായികതാരങ്ങളെ എടുക്കാതിരുന്നതും ആദ്യവര്‍ഷത്തിനുശേഷം 200-ഓളം താരങ്ങളെ ഒഴിവാക്കാനുള്ള നീക്കവും തിരഞ്ഞെടുപ്പ് മാനദണ്ഡം കടുപ്പിച്ചതുമാണ് വിവാദത്തിനു കാരണം.

കൗണ്‍സിലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കേന്ദ്രീകൃത ഹോസ്റ്റലുകളിലേക്ക് 227 താരങ്ങളെയാണ് ഇത്തവണ തിരഞ്ഞെടുത്തത്. കൗണ്‍സില്‍ നീക്കത്തിനെതിരേ സ്‌കൂളുകളും കോളേജുകളും പ്രതിഷേധവുമായി രംഗത്തുവന്നതോടെ തീരുമാനം പുനഃപരിശോധിച്ചേക്കും. വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും.

കടുത്ത നടപടി

കോവിഡ് വ്യാപനത്തിന്റെയും നിലവിലെ സമ്പ്രദായം പരിഷ്‌കരിക്കുന്നതിന്റെയും ഭാഗമായിട്ടാണ് സ്‌പോര്‍ട്സ് കൗണ്‍സില്‍ മാറ്റങ്ങള്‍ വരുത്തിയത്. കേന്ദ്രീകൃത ഹോസ്റ്റലുകളിലേക്ക് മാത്രമായി താരങ്ങളെ തിരഞ്ഞെടുത്തു. കോളേജ് തലത്തില്‍നിന്ന് 82 കുട്ടികളെയും പ്ലസ് വണ്‍ തലത്തില്‍നിന്ന് 109 കുട്ടികളെയും സ്‌കൂള്‍ തലത്തില്‍ 36 കുട്ടികളെയും തിരഞ്ഞെടുത്തു. കോളേജ്-സ്‌കൂള്‍ ഹോസ്റ്റലുകളിലേക്ക് ഇത്തവണ കുട്ടികളെ നല്‍കേണ്ടെന്നും തീരുമാനിച്ചു. ഇതിനുപുറമേയാണ് പ്രകടനം വിലയിരുത്തി ആദ്യവര്‍ഷത്തിനുശേഷം കുട്ടികളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. സാധാരണ രീതിയില്‍ എടുക്കുന്നതിന്റെ പകുതിയില്‍ താഴെ കുട്ടികള്‍ക്കു മാത്രമാണ് ഇത്തവണ അവസരം ലഭിച്ചത്.

വിവാദം

സ്‌കൂള്‍തലത്തില്‍ തിരഞ്ഞെടുപ്പിന്റെ മിനിമം മാര്‍ക്ക് 62 ശതമാനമാക്കി ഉയര്‍ത്തി. കോളേജ് തലത്തില്‍ ദേശീയ മെഡല്‍ വേണമെന്നതുമാക്കി. ഈ മാനദണ്ഡം കടുപ്പമാണെന്നും കഴിവുള്ള പലതാരങ്ങള്‍ക്കും അവസരം ലഭിക്കില്ലെന്നുമാണ് ആരോപണം.

കോളേജ്-സ്‌കൂള്‍ ഹോസ്റ്റലുകളിലേക്ക് കുട്ടികളെ നല്‍കാത്തത് അവയെ തകര്‍ക്കാനാണെന്ന വാദവുമുയര്‍ന്നു. ആദ്യവര്‍ഷത്തിനുശേഷം കുട്ടികളെ നിലനിര്‍ത്തുന്നതിനുള്ള മാനദണ്ഡം കടുപ്പമേറിയതാണെന്ന വാദമുണ്ട്. കോളേജ് തലത്തില്‍ കുട്ടികള്‍ യൂണിവേഴ്സിറ്റി തലത്തില്‍ കളിക്കണമെന്ന ചട്ടം വ്യക്തിഗത ഇനത്തില്‍പ്പോലും പാലിക്കപ്പെടാന്‍ ബുദ്ധിമുട്ടാണ്. കേന്ദ്രീകൃത ഹോസ്റ്റലുകളിലേക്ക് ചില ഇനങ്ങളില്‍ ഒന്നോ രണ്ടോ കുട്ടികളെ മാത്രം തിരഞ്ഞെടുത്തതുകൊണ്ട് ഭാവിയില്‍ ഗുണമില്ലെന്ന ആരോപണവുമുണ്ട്.

കൗണ്‍സില്‍ പറയുന്നത്

സ്‌കൂള്‍ തലത്തിലെ ഹോസ്റ്റലില്‍ ആദ്യവര്‍ഷക്കാരായ കുട്ടികളെ നിലനിര്‍ത്താന്‍ ജില്ലാ തലത്തിലെങ്കിലും കളിച്ചാല്‍ മതി. കോളേജ് തലത്തില്‍ യൂണിവേഴ്സിറ്റി ടീമില്‍ കളിക്കാന്‍ അവസരം കിട്ടിയില്ലെങ്കില്‍ ജില്ലാതലത്തില്‍ മെഡലോ സംസ്ഥാനടീമില്‍ അംഗത്വമോ പരിഗണിക്കുമെന്നും കൗണ്‍സില്‍ ടെക്നിക്കല്‍ ഓഫീസര്‍ സതീവന്‍ ബാലന്‍ വ്യക്തമാക്കി. 200-ഓളം കുട്ടികളെ പ്രകടനം വിലയിരുത്തിയാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതില്‍ കുറെപ്പേര്‍ അവരുടെ പ്രകടനം വിലയിരുത്താനുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. ഇവര്‍ക്ക് വീണ്ടും അവസരം നല്‍കും. സ്‌കൂള്‍ തലത്തില്‍ 65 ശതമാനം കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിച്ചത് മികച്ച താരങ്ങളെ ഉള്‍പ്പെടുത്താന്‍വേണ്ടിയാണ്. കൗണ്‍സില്‍ തീരുമാനിച്ചാല്‍ കോളേജ്-സ്‌കൂള്‍ ഹോസ്റ്റലുകളിലേക്ക് താരങ്ങളെ തിരഞ്ഞെടുത്തു നല്‍കാന്‍ പ്രയാസമുണ്ടാകില്ല. അങ്ങനെ വരുമ്പോള്‍ സ്‌കൂള്‍തലത്തില്‍ കട്ട് ഓഫ് മാര്‍ക്ക് കുറയ്ക്കും. കോളേജ് തലത്തില്‍ സംസ്ഥാനതലത്തിലെ മെഡലുകളടക്കം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആകെ സ്‌പോര്‍ട്സ് ഹോസ്റ്റല്‍ - 172

കേന്ദ്രീകൃത ഹോസ്റ്റലുകള്‍ - 53

ഹോസ്റ്റലുകളിലെ ആകെ താരങ്ങള്‍ - 1865

കായികതാരത്തിന്റെ ദിനബത്ത - 200 രൂപ

ഹോസ്റ്റലുകള്‍ക്കായി സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ചെലവിട്ട തുക - 24 കോടി

പരിശീലകരില്ലാത്ത സെന്ററുകള്‍ - 48

Content Highlights: Hostel admission controversy at Sports Council