മൊഹാലി: ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബൽബിർ സിങ് സീനിയർ ഗുരുതരാവസ്ഥയിൽ. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മെയ് എട്ടിന് ബൽബിറിനെ മൊഹാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നേരിയ പുരോഗതി കൈവരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ആശുപത്രിയിൽവെച്ച ബൽബിറിന് ഹൃദയസ്തംഭനമുണ്ടായി. 96-കാരനായ ബൽബിർ ഇന്ത്യക്കായി മൂന്നു ഒളിമ്പിക് സ്വർണം നേടിയ താരമാണ്.

കഴിഞ്ഞ വർഷം ജനുവരിയിൽ ന്യൂമോണിയയെ തുടർന്ന് ബൽബിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് 108 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തിരഞ്ഞെടുത്ത 16 ഇതിഹാസ താരങ്ങളുടെ പട്ടികയിൽ ഇടംനേടിയ ഏക താരമാണ് ബൽബിർ. ഒളിമ്പിക്സ് പുരുഷ ഹോക്കി ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ് താരം. 1952 ഹെൽസിങ്കി ഒളിമ്പിക്സിൽ നെതർലൻഡ്സിനെതിരായ ഫൈനലിൽ അഞ്ചു ഗോളുകളാണ് ബൽബിർ നേടിയത്. അന്ന് ഇന്ത്യ 6-1ന് വിജയിച്ച് സ്വർണം നേടി.

1948-ൽ ലണ്ടൻ, 1956-ൽ മെൽബൺ ഒളിമ്പിക്സുകളിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമംഗമായിരുന്നു ബൽബിർ. 1958 ടോക്കിയോ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡലും നേടി. ലണ്ടനിലും ഹെൽസിങ്കിയും വൈസ് ക്യാപ്റ്റനായിരുന്ന ബൽബിർ മെൽബണിൽ ഇന്ത്യൻ ഒളിമ്പിക് ടീമിനെ നയിച്ചു.

1975-ൽ ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകനും ബൽബിറായിരുന്നു. 1957-ൽ രാജ്യം പദ്മശ്രീ നൽകി ഇതിഹാസതാരത്തെ ആദരിച്ചു.

Content Highlights: Hockey Legend Balbir Singh Sr Suffers Cardiac Arrest Remains Critical, Indian hockey