ന്യൂഡൽഹി: ഇന്ത്യയുടെ ഹോക്കി ടീം ഗോൾകീപ്പറും മലയാളി താരവുമായ പി.ആർ. ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ശുപാർശ ചെയ്ത് ഹോക്കി ഇന്ത്യ. ശ്രീജേഷിനൊപ്പം മുൻ ഇന്ത്യ വനിതാതാരം ദീപികയുടെ പേരും ഹോക്കി ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. 2015-ൽ അർജുന പുരസ്കാരം നേടിയ ശ്രീജേഷിന് 2017-ൽ രാജ്യം പദ്മശ്രീ പുരസ്കാരവും സമ്മാനിച്ചു.

2017 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ വരെയുള്ള പ്രകടനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ഇക്കാലയളവിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ശ്രീജേഷ് പുറത്തെടുത്തത്. 2018-ൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളി മെഡൽ, അതേ വർഷം തന്നെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ, 2019-ൽ ഭുവനേശ്വറിൽ നടന്ന എഫ്ഐഎച്ച് മെൻസ് സീരീസ് ഫൈനലിൽ സ്വർണമെഡൽ എന്നിവയെല്ലാം നേടിയ ഇന്ത്യൻ ടീമിൽ ശ്രീജേഷിന്റെ പ്രകടനം നിർണായകമായിരുന്നു.

2018-ൽ നടന്ന ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യൻ വനിതാ ടീമിലെ നിർണായക താരമായിരുന്നു ദീപിക. രണ്ട് ടൂർണമെന്റുകളിലും ഇന്ത്യ വെള്ളി മെഡൽ നേടിയിരുന്നു.

ഇന്ത്യക്കായി നൂറിലധികം മത്സരങ്ങൾ കളിച്ച ഹർമൻപ്രീത് സിങ്ങ്, ഇരുന്നൂറിലധികം മത്സരങ്ങൾ കളിച്ച വന്ദന കതാരിയ, 150 മത്സരങ്ങളിൽ അധികം കളത്തിലിറങ്ങിയ നവ്ജോത് കൗർ എന്നിവരെ അർജുന പുരസ്കാരത്തിനായി ശുപാർശ ചെയ്തിട്ടുണ്ട്.

Content Highlights: Hockey India recommends goalkeeper PR Sreejesh for Khel Ratna Award