ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഹോക്കി താരങ്ങളിലൊരാളായ രൂപീന്ദര്‍ പാല്‍ സിങ് വിരമിച്ചതോടെ ഒരു യുഗത്തിനാണ് അവസാനമാകുന്നത്. ഡ്രാഗ് ഫ്‌ളിക്കുകളിലൂടെ ആരാധകരെ ത്രസിപ്പിച്ച രൂപീന്ദര്‍ 13 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിച്ചത്. രൂപീന്ദറിന് ആശംസകളുമായി ഹോക്കി ഇന്ത്യ രംഗത്തെത്തി. 

'ഒരു പതിറ്റാണ്ടിന് മുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച താരമാണ് രൂപീന്ദര്‍. രൂപീന്ദറിന്റെ ഡ്രാഗ് ഫ്‌ളിക്കുകളാണ് അദ്ദേഹത്തെ ലോകോത്തര താരമാക്കി മാറ്റിയത്. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത രൂപീന്ദറിനെ ഹോക്കി ഇന്ത്യ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ തീരുമാനം കമ്മിറ്റിയെ നേരത്തേ അറിയിച്ചിരുന്നു. ഭാവിയില്‍ അദ്ദേഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ'- ഹോക്കി ഇന്ത്യ പ്രസിഡന്റ് ഗ്യാനേന്ദ്രോ നിന്‍ഗോംബാം അറിയിച്ചു.

ജര്‍മനിയെ നാലിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയത്. 1980 ന് ശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്‌സില്‍ നേടുന്ന ആദ്യ മെഡലാണിത്. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് രൂപീന്ദര്‍പാല്‍. പെനാല്‍ട്ടി കോര്‍ണറുകള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കുന്നതില്‍ കേമനാണ് ഈ പഞ്ചാബ് താരം. 2010 ലാണ് താരം ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. 

ഇന്ത്യയ്ക്ക് വേണ്ടി 2014-ലെ ഏഷ്യന്‍ ഗെയിംസ്, 2016-ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി എന്നീ ടൂര്‍ണമെന്റുകളില്‍ രൂപീന്ദര്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 2015-ലെ എഫ്.ഐ.എച്ച് ഹോക്കി വേള്‍ഡ് ലീഗിലും 2016-ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലും വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2018-19 സീസണില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനിന്ന താരം 2020-ല്‍ ശക്തമായി തിരിച്ചുവന്നു. 

Content Highlights: Hockey India congratulates Rupinder Pal Singh on illustrious career