മുംബൈ: കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. സെര്‍ബിയന്‍ നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചാണ് പാണ്ഡ്യയുടെ വധു. ദുബായില്‍ അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ പുതുവര്‍ഷത്തില്‍ നടന്ന ഈ വിവാഹനിശ്ചയം ആരാധകര്‍ക്കെല്ലാം സര്‍പ്രൈസ് ആയിരുന്നു. 'എന്റെ വെടിക്കെട്ടോടെ ഈ പുതുവര്‍ഷം ആരംഭിക്കുന്നു'  എന്ന അടിക്കുറിപ്പോടെ നടാഷയുടെ കൈപിടിച്ചു നില്‍ക്കുന്ന ചിത്രം പാണ്ഡ്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

എന്നാല്‍ ആരാധകര്‍ക്കു മാത്രമല്ല, പാണ്ഡ്യയുടെ വീട്ടുകാര്‍ക്കും ഈ വിവാഹനിശ്ചയം സര്‍പ്രൈസ് ആയിരുന്നു. അച്ഛന്‍ ഹിമാന്‍ഷു പാണ്ഡ്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹിനിശ്ചയം വീട്ടുകാര്‍ അറിഞ്ഞില്ലെന്ന് ഹിമാന്‍ഷു പറയുന്നു. 

' മകനും നടാഷയും തമ്മിലുള്ള പ്രണയം അറിയാമായിരുന്നു. അവള്‍ നല്ല കുട്ടിയാണ്. ഞാന്‍ കുറേ തവണ അവളെ കണ്ടിട്ടുണ്ട്. വിവാഹത്തില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ല. പക്ഷേ ഈ വിവാഹനിശ്ചയം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല'. ഹിമാന്‍ഷു വ്യക്തമാക്കി. 

Read More: 'ഞാന്‍ നിന്റേയും നീ എന്റേയും പ്രാണനാണ്'-ഹാര്‍ദിക് ഇനി സെര്‍ബിയന്‍ സുന്ദരിക്ക് സ്വന്തം'

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇരുവരും പ്രണയത്തിലാണ്. 27 വയസ്സുള്ള നടാഷ 2012-ല്‍ മുംബൈയില്‍ എത്തിയതാണ്. സത്യഗ്രഹയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം. പിന്നീട് മോഡലായും തിളങ്ങി.

26-കാരനായ ഹാര്‍ദിക് പരിക്കുമൂലം മാസങ്ങളായി ടീമിന് പുറത്താണ്. ലണ്ടനില്‍ ഒക്ടോബറില്‍ ശസ്ത്രക്രിയയ്ക്കും വിധേയനായി. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ഒടുവില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. ബംഗ്ലാദേശിനും വെസ്റ്റിന്‍ഡീസിനും എതിരായ പരമ്പരകള്‍ നഷ്ടമായി. ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പരകളും കളിക്കാനാവില്ല. എന്നാല്‍, ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Himanshu Pandya on Hardik Pandya’s Engagement