ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സിന്റെ ഒരുക്കത്തിനിടെ സഹോദരിയെ നഷ്ടപ്പെട്ട ഇന്ത്യന്‍ സ്പ്രിന്റര്‍ ധനലക്ഷ്മി ശേഖറിന് ആശ്വാസ വാക്കുകളുമായി സഹതാരം ഹിമ ദാസ്.

ഒളിമ്പിക്‌സിന് മുന്നോടിയായി ധനലക്ഷ്മി പട്യാലയില്‍ പരിശീലിക്കുന്നതിനിടെയാണ് കഴിഞ്ഞ ജൂലായ് 12-ന് സഹോദരി ഗായത്രി ഹൃദയാഘാതത്തെ തുടര്‍ന്നു മരിക്കുന്നത്. എന്നാല്‍ കുടുംബാംഗങ്ങള്‍ ഈ വിവരം താരത്തെ അറിയിക്കാതെ ടോക്യോയിലേക്ക് യാത്രയാക്കുകയായിരുന്നു. ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ധനലക്ഷ്മി വിവരം അറിഞ്ഞത്. 

നാട്ടിലെ സ്വീകരണത്തിനിടെ വിവരമറിഞ്ഞ ധനലക്ഷ്മി പൊട്ടിക്കരഞ്ഞത് വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് സഹതാരത്തെ ആശ്വസിപ്പിച്ച് ഹിമ ദാസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

'ധന...നിന്റെ സഹോദരിയുടെ വിയോഗം കേട്ട് എന്റെ ഹൃദയം വേദനിക്കുന്നു. ഇപ്പോഴത്തെ നിന്റെ മാനസികാവസ്ഥ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഒരു കായികതാരത്തിന്റെ യഥാര്‍ഥ ത്യാഗമാണിത്. ഒരു കുടുംബം രാജ്യത്തിനായി സമര്‍പ്പിക്കുന്നത്. നിനക്കും കുടുംബത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. കരുത്തോടെയിരിക്കൂ' - ഹിമ കുറിച്ചു. 

ഇന്ത്യയുടെ 4x400 മീറ്റര്‍ മിക്സഡ് റിലേ ടീമംഗങ്ങളായ ശുഭ വെങ്കട്ടരാമനും ധനലക്ഷ്മി ശേഖറും ഞായറാഴ്ച്ചയാണ് സ്വദേശമായ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെത്തിയത്. ഇരുവര്‍ക്കും കുടുംബാംഗങ്ങളും അധികൃതരും വന്‍സ്വീകരണം ഒരുക്കുകയും ചെയ്തു. സഹോദരിയെ കുറിച്ച് ധനലക്ഷ്മി ചോദിച്ചതോടെയാണ് അമ്മ ഉഷ സത്യം പറഞ്ഞത്. ഇതോടെ താരം സ്വീകരണത്തിനിടെ പൊട്ടിക്കരഞ്ഞു.

4x400 മിക്‌സ്ഡ് റിലേ റിസര്‍വ് ടീമിലെ അംഗമായിരുന്നു ഇരുപത്തിരണ്ടുകാരിയായ ധനലക്ഷ്മി.

Content Highlights: Hima Das wrote an emotional message for fellow sprinter Dhanalakshmi Sekar