ഫോസ്ബറി ഫ്‌ളോപ്പ് നടത്തുന്ന ഡിക്ക് ഫോസ്ബറി | Photo: AFP
കാലിഫോര്‍ണിയ: ഹൈജമ്പില്‍ ഫോസ്ബറി ചാട്ടം (ഫോസ്ബറി ഫ്‌ളോപ്പ്) ആദ്യമായി കൊണ്ടുവന്ന അമേരിക്കന്‍ ഇതിഹാസം ഡിക്ക് ഫോസ്ബറി അന്തരിച്ചു. 76 വയസ്സായിരുന്നു. ഫോസ്ബറിയുടെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ മുന്‍ ഏജന്റായ റായ് ഷള്‍ട്ടെയാണ് പുറത്തുവിട്ടത്.
ഏറെ നാളായി അര്‍ബുദത്തിന്റെ പിടിയാലിരുന്നു ഫോസ്ബറി. അമേരിക്കയ്ക്ക് വേണ്ടി ഒളിമ്പിക് സ്വര്‍ണമെഡല്‍ നേടിയ ഫോസ്ബറി ഹൈജമ്പില്‍ പുതിയൊരു മോഡലിന് തന്നെ തുടക്കം കുറിച്ചു. ഇന്ന് ഹൈജമ്പര്‍മാര്‍ എല്ലാവരും അനുകരിക്കുന്ന ഫോസ്ബറി ഫ്‌ളോപ്പ് ആദ്യമായി കൊണ്ടുവന്നത് ഇദ്ദേഹമാണ്.
വായുവിലുയര്‍ന്ന് മലര്‍ന്ന് കിടന്ന് ബാറിന് മുകളിലൂടെ ചാടുന്നതാണ് ഫോസ്ബറി ഫ്‌ലോപ്പ്. ഫോസ്ബറി ഈ ചാട്ടം കണ്ടെത്തിയതിനുപിന്നാലെ ഏവരും ഇത് അനുകരിക്കാനാരംഭിച്ചു. ഹൈജമ്പിലെ നിലവിലുള്ള സമവാക്യങ്ങളെയെല്ലാം പൊളിച്ചുകൊണ്ടാണ് ഫോബ്‌സറി ഈ മോഡല്‍ കൊണ്ടുവന്നത്. കാല്‍ ആദ്യം കവച്ചുകടക്കുന്ന രീതിയിലുള്ള ചാട്ടമാണ് ഹൈജമ്പില്‍ അതുവരെ നിലനിന്നത്. എന്നാല്‍ ഫോസ്ബറിയുടെ ഈ വേറിട്ട പരീക്ഷണം വലിയ വഴിത്തിരിവായി. കാലിനുപകരം ബാറിന് മുകളിലൂടെ തല ആദ്യം കടത്തി പിന്നാലെ ശരീരമെത്തുന്ന ചാട്ടം ഫോസ്ബറിയുടെ വജ്രായുധമായി മാറി. ഇത് പില്‍ക്കാലത്ത് ലോകം മുഴവന്‍ അംഗീകരിക്കുകയും അനുകരിക്കാന്‍ ആരംഭിക്കുകയും ചെയ്തു.
1968 മെക്‌സിക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് ഫോസ്ബറി ലോകശ്രദ്ധയാകര്‍ഷിച്ചത്. അന്ന് ഒറിഗോണിലെ ലാന്‍കി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ഫോസ്ബറി. മെക്‌സിക്കോയിലെ ഹൈജമ്പ് മത്സരത്തില്‍ ഫോസ്ബറിയുടെ ചാട്ടം ഏവരെയും അത്ഭുതപ്പെടുത്തി. മലര്‍ന്നുചാടി ഫോസ്ബറി നേടിയ സ്വര്‍ണം ചരിത്രത്തിലേക്കുള്ള കാല്‍വെയ്പ്പാകുമെന്ന് ആരും കരുതിയില്ല. ഏഴ് അടിയും നാലേകാല്‍ ഇഞ്ചും ചാടിയാണ് താരം അന്ന് സ്വര്‍ണമെഡല്‍ അമേരിക്കയ്ക്ക് വേണ്ടി സ്വന്തമാക്കിയത്.
ഫോസ്ബറിയുടെ ഈ ചാട്ടം ലോകത്തിന്റെ ചര്‍ച്ചയായി. പല അത്‌ലറ്റുകളും ഈ ചാട്ടത്തിന്റെ പിന്നിലെ രഹസ്യം കണ്ടെത്തി. 1972 ഒളിമ്പിക്‌സില്‍ ഹൈജമ്പില്‍ പങ്കെടുത്ത 40-ല്‍ 28 പേരും ഫോസ്ബറിയുടെ ചാട്ടം അനുകരിച്ച് മത്സരിച്ചു. പിന്നീട് ഹൈജമ്പിന്റെ പ്രധാന തന്ത്രമായി ഫോസ്ബറി ഫ്‌ലോപ്പ് മാറി.
ഫോസ്ബറി ഫ്‌ലോപ്പ് പിറന്നത് ഇങ്ങനെ
അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍ഡില്‍ ജനിച്ച ഫോസ്ബറി 16-ാം വയസ്സില്‍ തന്നെ ഹൈജമ്പില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനാരംഭിച്ചു. മെഡ്‌ഫോര്‍ഡ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഫോസ്ബറി ഹൈജമ്പ് തന്റെ കരിയറാണെന്ന് തിരിച്ചറിഞ്ഞത്. പക്ഷേ മത്സരങ്ങളില്‍ അഞ്ച് അടി ഉയരം പോലും താണ്ടാന്‍ ഫോസ്ബറിയ്ക്ക് സാധിച്ചില്ല. മറ്റുള്ളവര്‍ അനായാസമായി ബാറിന് മുകളിലൂടെ ചാടുമ്പോഴും ഫോസ്ബറിയ്ക്ക് അത് സാധിച്ചില്ല. അപ്പോഴാണ് എന്തുകൊണ്ട് വേറിട്ടൊരു ചാട്ടം പരീക്ഷിച്ചുകൂടാ എന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സിലേക്കെത്തുന്നത്. ചാടുമ്പോഴുള്ള ശരീരത്തിന്റെ പൊസിഷന്‍ മാറ്റിയാല്‍ ഉയരം കീഴടക്കാനാകുമെന്ന് ഫോസ്ബറി മനസ്സിലാക്കി.
അങ്ങനെ അദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്ത ഫോസ്ബറി ഫ്‌ലോപ്പില്‍ ശ്രദ്ധചെലുത്തി. ആദ്യം വലിയ ബുദ്ധിമുട്ടുതോന്നിയെങ്കിലും പിന്നീട് അത് എളുപ്പമായി. പക്ഷേ ബാറിന് മുകളിലൂടെ വന്ന് വീഴുമ്പോഴുള്ള പരുത്ത പ്രതലം അദ്ദേഹത്തിന് തിരിച്ചടിയായി. അതുവരെ എല്ലാവരും മുന്നോട്ട് ചാടി മത്സരത്തില്‍ പങ്കെടുത്തതിനാല്‍ വീഴാനുള്ള സാധ്യത കുറവായിരുന്നു. എന്നാല്‍ ഫോസ്ബറി പുറമടിച്ചാണ് വീഴുന്നത്. അതുകൊണ്ടുതന്നെ താരത്തിന് ആദ്യ ഘട്ടങ്ങളില്‍ നിരവധി പരിക്കുകള്‍ സംഭവിച്ചു. എന്നാല്‍ ഫോം മാറ്റിങ് ഹൈജമ്പില്‍ വന്നതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ അതുവരെ ഏവരും പരിശീലിച്ച സ്ട്രാഡില്‍ ചാട്ടത്തിലൂടെ മത്സരത്തില്‍ പങ്കെടുക്കാനാണ് ഫോസ്ബറിയോട് പരിശീലകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ താരം അത് കേട്ടില്ല. സ്വന്തമായി വികസിപ്പിച്ചെടുത്ത ചാട്ടത്തിലൂടെ ഫോസ്ബറി ഹൈസ്‌കൂളില്‍ 6.3 അടി ചാടി റെക്കോഡിട്ടു. പിന്നീട് കോളേജില്‍ പഠിക്കാനെത്തിയതോടെ ഫോസ്ബറി പൂര്‍ണമായും ഈ ചാട്ടം മാത്രം പരിശീലിച്ചു. അങ്ങനെയാണ് താരം ഒളിമ്പിക്‌സ് വരെയെത്തിയത്. ഒരു ഒളിമ്പിക്‌സില്‍ മാത്രം പങ്കെടുത്ത് ഫോസ്ബറി സ്വര്‍ണം നേടി മടങ്ങിയെങ്കിലും അദ്ദേഹം കൊണ്ടുവന്ന ഫോസ്ബറി ഫ്‌ളോപ്പ് വരും തലമുറയ്ക്ക് വലിയൊരു പാഠമാണ് പകര്‍ന്നുനല്‍കിയത്. ഫോസ്ബറി ലോകത്തിനോട് വിടപറഞ്ഞാലും അദ്ദേഹം കൊണ്ടുവന്ന ഫോസ്ബറി ഫ്‌ലോപ് ലോകാവസാനം വരെ നിലനില്‍ക്കും.
Content Highlights: high jump legend dick fosbury died
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..