ചെന്നൈ: ലോകചാമ്പ്യന്‍ഷിപ്പ് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ബധിര കായികതാരമായ സമീഹ ബര്‍വിനെ തുണച്ച് മദ്രാസ് ഹൈക്കോടതി.

ലോങ്ജമ്പില്‍ യോഗ്യത നേടിയെങ്കിലും ടീമില്‍ മറ്റ് വനിതാ താരങ്ങളില്ലാത്തതിനാല്‍ ഓള്‍ ഇന്ത്യ സ്‌പോര്‍ട്സ് കൗണ്‍സില്‍ ഫോര്‍ ദ് ഡഫ് (എ.ഐ.എസ്.സി.ഡി.) ലോക ബധിര അത്​ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിലേക്ക് സമീഹയെ അയക്കേണ്ടന്ന് തീരുമാനിച്ചിരുന്നു.

ഇതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ സമീഹയെ പോളണ്ടിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

കന്യാകുമാരി സ്വദേശിനിയായ സമീഹ ജൂലായില്‍ ഡല്‍ഹിയില്‍ നടന്ന ട്രയല്‍സിലൂടെയാണ് ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ലോങ്ജമ്പില്‍ 4.25 മീറ്ററായിരുന്നു യോഗ്യത നേടാന്‍ ചാടേണ്ടിയിരുന്നത്. സമീഹ 5.5 മീറ്റര്‍ ചാടി. എന്നാല്‍, ടീമില്‍ വേറെ വനിതാതാരങ്ങളില്ലെന്നും പുരുഷതാരങ്ങള്‍ക്കൊപ്പം സമീഹയെ അയക്കാന്‍ സാധിക്കില്ലെന്നും എ.ഐ.എസ്.സി.ഡി. നിലപാടെടുത്തു. ഈ മാസം 23 മുതല്‍ പോളണ്ടിലാണ് മത്സരം. സമീഹയുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്‍. മഹാദേവന്‍ താരത്തിന്റെ മികവും സംസ്ഥാന, ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലെ വിജയങ്ങളും അവഗണിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി.

Content Highlights: High Court intervened Samiha will participate in the World Championship