ന്യൂഡല്‍ഹി: കേരള ക്രിക്കറ്റ് അസോസിയേഷനിലെ വിവിധ ക്രമക്കേടുകള്‍ക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതിക്ക് പരിഗണിക്കാമെന്ന് സുപ്രീം കോടതി. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് 2019 മാര്‍ച്ച് 14 ന് ഇറക്കിയ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു.

വിവിധ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് എതിരെ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് മുന്‍ ഉത്തരവ് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് ഭേദഗതി ചെയ്തത്. കേരള ക്രിക്കറ്റ് അസോസിയേഷന് എതിരെ അപെക്‌സ് ക്രിക്കറ്റ് ക്ലബ്, തൃശൂര്‍ ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ ഭാരവാഹി പ്രമോദ്. കെ, മുന്‍ രഞ്ജി ക്രിക്കറ്റ് താരം സന്തോഷ് കരുണാകരന്‍  എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ചട്ടവിരുദ്ധമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഓംബുഡ്‌സ്മാനെ മാറ്റിയത് ഉള്‍പ്പടെ ഉള്ള വിഷയങ്ങളില്‍ ഹൈക്കോടതിയെ സമീപിച്ചു എങ്കിലും ഹര്‍ജി പരിഗണിക്കാന്‍ തയ്യാര്‍ ആയില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിലക്ക് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടപെടാത്തത് എന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

എന്നാല്‍ പ്രശ്‌ന പരിഹാരത്തിനായി അമിക്കസ് ക്യൂറിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനാലായിരുന്നു ബി.സി.സി.ഐയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് എന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഇനി ഈ വിലക്ക് തുടരേണ്ട സാഹചര്യം ഇല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ ബിജു പി. രാമന്‍,  എം.എഫ് ഫിലിപ്പ്, രജിത്ത് എന്നിവര്‍ ഹാജരായി.

Content Highlights: High Court can consider the petitions against the irregularities in the KCA said The Supreme Court