സിഡ്‌നി:  ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി-20 ലോകകപ്പ് സെമി ഫൈനല്‍ മഴയില്‍ ഒലിച്ചുപോയതിന് പിന്നാലെ വിവാദവും മുറുകുന്നു. ഒരൊറ്റ പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരെന്ന നിലയില്‍ ഇന്ത്യ ഫൈനലില്‍ ഇടം നേടിയിരുന്നു. ഇതോടെ സെമി ഫൈനലിന് റിസര്‍വ് ദിനമില്ലെന്ന് ഐ.സി.സിയുടെ നിയമത്തിനെതിരേ ഇംഗ്ലീഷ് ആരാധകര്‍ രംഗത്തെത്തി.

മത്സരശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പ്രതികരിച്ചിരുന്നു. കളിക്കാന്‍ പോലുമാകാതെ പുറത്തുപോകേണ്ടി വരുമെന്ന പേടിയുണ്ടായിരുന്നെന്നും ഒരു ടീമിനും ഇങ്ങനെ ഒരു അവസ്ഥ ഇനിയുണ്ടാകരുതെന്നും ഹീതര്‍ നൈറ്റ് പറയുന്നു. ഐ.സി.സി ഈ നിയമം മാറ്റണമെന്നും ഇംഗ്ലീഷ് ക്യാപ്റ്റന്‍ ആവശ്യപ്പെട്ടു.

അതേസമയം നിരാശ തോന്നുന്നുവെന്നായിരുന്നു ഹര്‍മന്‍പ്രീതിന്റെ പ്രതികരണം. 'മത്സരഫലം ദൗര്‍ഭാഗ്യകരമാണെങ്കിലും നമ്മള്‍ നിയമം പിന്തുടരണം. ഭാവിയില്‍ റിസര്‍വ് ദിനത്തിന്റെ കാര്യം ഐ.സി.സി ആലോചിക്കണം. ആദ്യ ദിനം തന്നെ എല്ലാ മത്സരങ്ങളും വിജയിക്കണമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്തെങ്കിലും കാരണത്താല്‍ സെമി ഫൈനല്‍ നടന്നില്ലെങ്കില്‍ അതു ഉപകരിക്കുമെന്നും കണക്കുകൂട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഗ്രൂപ്പില്‍ എല്ലാ മത്സരങ്ങളും വിജയിച്ച ടീമിന് അവകാശപ്പെട്ടതാണ് ഫൈനലിലെത്തിയതിന്റെ ഈ ക്രെഡിറ്റ്.' ഹര്‍മന്‍പ്രീത് വ്യക്തമാക്കി.

Content Highlights: Heather Knight after rain knocks England out of womens T20 WC