ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയക്ക് നന്ദി പറഞ്ഞ് മുന്‍ ഭാര്യ ഹസിന് ജഹാന്. കൊല്‍ക്കത്തയിലെ അലിപോര്‍ സി.ജെ.എം കോടതിയാണ് ഹസിന്റെ പരാതിയില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 15 ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണം.
'ഒരു വര്‍ഷത്തില്‍ അധികമായി ഞാന്‍ നീതിക്ക് വേണ്ടി പോരാടുന്നു. ഷമിയുടെ വിചാരം താന്‍ വലിയ ക്രിക്കറ്റ് താരമാണെന്നും സ്വാധീനമുള്ള വ്യക്തിയാണെന്നുമാണ്. ഞാന്‍ പശ്ചിമ ബംഗാളുകാരിയും ഇവിടുത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആയിരുന്നില്ലെങ്കില്‍ ഇവിടെ സുരക്ഷിതമായി ജീവിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഉത്തര്‍ പ്രദേശ് പോലീസ് എന്നേയും മകളേയും ബുദ്ധിമുട്ടിക്കാന്‍ ഒരുപാട് ശ്രമിച്ചു. അതില്‍ അവര്‍ വിജയിക്കാതെ പോയത് ദൈവാനുഗ്രഹം കൊണ്ടാണ്.' ഹസിന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.
അതേസമയം ഷമിയുടെ കാര്യത്തില്‍ ബി.സി.സി.ഐ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. ചാര്‍ജ്ഷീറ്റ് കാണുന്നതു വരെ ബി.സി.സി.ഐ നടപടി എടുക്കില്ലെന്നാണ് സൂചന. ഷമിയുടെ വക്കീലിനോട് സംസാരിച്ചശേഷം മാത്രമേ എന്തെങ്കിലും തീരുമാനമെടുക്കൂ എന്ന് ബി.സി.സി.ഐ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഐപിസി 498 എ പ്രകാരമാണ് ഷമിക്കും സഹോദന് ഹാസിദ് അഹമ്മദിനുമെതിരേ കേസെടുത്തിരിക്കുന്നത്. ഹസിന്റെ പരാതിയില്‍ ഷമി ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കൊല്‍ക്കത്ത പൊലീസാണ് താരത്തിനെതിരായ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയുമടക്കം നിരവധി ആരോപണങ്ങള്‍ ഹസിന് ജഹാന് ഷമിക്കെതിരെ ഉന്നയിച്ചിരുന്നു. പരസ്ത്രീ ബന്ധം തെളിയിക്കാനായി ഷമിയുടെ ഫോണിലെ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളും ഹസിന് ജഹാന് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. നിലവില്‍ ഷമിയുമായി അകന്നു കഴിയുകയാണ് മുന്‍ മോഡല്‍കൂടിയായ ഹസിന്.
Content Highlights: Hasin Jahan On Mohammed Shami's Arrest Warrant