ടോക്യോ പാരാലിമ്പിക്‌സ് മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റള്‍ എസ് എച്ച് വണ്‍ വിഭാഗത്തില്‍  ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ മനീഷ് നര്‍വാളിനും വെള്ളി നേടിയ സിങ് രാജ് അദാനയ്ക്കും സമ്മാനത്തുക പ്രഖ്യാപിച്ച് ഹരിയാണ സര്‍ക്കാര്‍. 

നര്‍വാളിന് ആറുകോടി രൂപയും സിങ് രാജിന് നാലുകോടി രൂപയും സമ്മാനത്തുകയായി ലഭിക്കും. ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ഇക്കാര്യം അറിയിച്ചത്. ഷൂട്ടിങ്ങില്‍ പാരാലിമ്പിക്‌സ് റെക്കോഡോടെയാണ് നര്‍വാള്‍ സ്വര്‍ണം നേടിയത്. താരം 218.2 പോയന്റ് നേടി. സിങ് രാജ് 216.7 പോയന്റാണ് സ്വന്തമാക്കിയത്. 

19 വയസ്സ് മാത്രം പ്രായമുള്ള നര്‍വാള്‍ ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടുന്ന മൂന്നാമത്തെ കായികതാരമാണ്. താരത്തിന്റെ ആദ്യ പാരാലിമ്പിക്‌സ് മെഡല്‍ കൂടിയാണിത്. 

സമ്മാനത്തുകയ്‌ക്കൊപ്പം ഇരുതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും ഖട്ടര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പാരാലിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ സുമിത് അന്‍ടിലിനും ഹരിയാണ സര്‍ക്കാര്‍ ആറുകോടി രൂപ സമ്മാനത്തുക നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഡിസ്‌കസ് ത്രോയില്‍ വെള്ളി നേടിയ യോഗേഷ് കതുനിയയ്ക്ക് നാല് കോടി രൂപയും സര്‍ക്കാര്‍ നല്‍കും. 

പാരാലിമ്പിക്‌സില്‍ 15 മെഡലുകള്‍ ഇതിനോടകം നേടിയ ഇന്ത്യ 18 മെഡുലുകള്‍ ഉറപ്പിച്ചിട്ടുണ്ട്. 

Content Highlights: Haryana govt to award Rs 6 crore to Manish Narwal, Rs 4 crore to Singhraj Adhana after Paralympics feat