ന്യൂഡല്‍ഹി; ഹരിയാനയില്‍ കായിക താരങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് വിഹിതം സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് അടയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞുവയ്ക്കാന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ നിര്‍ദേശം നല്‍കി. ഉത്തരവിന്റെ പകര്‍പ്പ് കായിക വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദപരമായ ഉത്തരവിനെതിരെ കായിക മേഖലയില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഉത്തരവ് തടഞ്ഞുവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. 

കായിക മേഖലയില്‍ നിന്നും അതുമായി ബന്ധപ്പെട്ട പരസ്യം ഉള്‍പ്പടെയുള്ള വരുമാന മാര്‍ഗ്ഗങ്ങളുടെ മൂന്നിലൊന്ന് വിഹിതം സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് നല്‍കണമെന്നാണ് ഉത്തരവ് ഏപ്രില്‍ 30-നാണ് കായിക യുവജനകാര്യ വകുപ്പ് പുറത്തിറക്കിയത്. ഇക്കാര്യത്തില്‍ ഉയര്‍ന്നുവരുന്ന എല്ലാ പ്രശ്‌നങ്ങളും പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കായിക താരങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് വിഹിതം സംസ്ഥാന കായിക മേഖലയുടെ വികസനത്തിനായി ഉപയോഗിക്കുമെന്നാണ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നത്. 

കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം തന്നെ താരങ്ങള്‍ മറ്റു ജോലികള്‍ ചെയ്യുന്നുണ്ടെങ്കില്‍ മുഴുവന്‍ വരുമാനവും സര്‍ക്കാരിന് നല്‍കണമെന്നും വിജ്ഞാപനത്തിലുണ്ടായിരുന്നു. ഗുസ്തി താരം സുശില്‍ കുമാര്‍, ബബിത ഫോഗട്ട്, വിനേഷ് ഫോഗട്ട് തുടങ്ങി നിരവധി താരങ്ങള്‍ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. നേരത്തെ ഈ വര്‍ഷം ഏപ്രിലില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വിജയികളെ ആദരിക്കാന്‍ നിശ്ചയിച്ചിരുന്ന ചടങ്ങ് ഹരിയാന സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഗെയിംസ് ജേതാക്കളുടെ സമ്മാനത്തുകയും സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു.

Content Highlights; Haryana CM Khattar Puts on Hold Diktat Seeking One-Third Share of Athletes' Earnings After Outcry