വാറങ്കല്‍: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സിന്റെ രണ്ടാംദിനം വനിതകളുടെ 1500 മീറ്റററില്‍ ദേശീയ റെക്കോഡുമായി പഞ്ചാബിന്റെ ഹര്‍മിലന്‍ കൗര്‍ ബെയ്ന്‍സ്. 

നാലുമിനിറ്റ് 05.39 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹര്‍മിലന്‍ 2002-ല്‍ സുനിതാ റാണി സ്ഥാപിച്ച റെക്കോഡ് (4:06.03) മറികടന്നു. പുരുഷന്മാരുടെ 100 മീറ്ററില്‍ ആന്ധ്രയുടെ നരേഷ് കുമാറും (10.30 സെ.), വനിതകളില്‍ ഡല്‍ഹിയുടെ തരണ്‍ജീത്ത് കൗറും (11.50 സെ.) ജേതാക്കളായി. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ആറു സ്വര്‍ണം ഉള്‍പ്പെടെ 16 മെഡലുമായി റെയില്‍വേസ് ഒന്നാംസ്ഥാനത്ത് തുടരുന്നു. കേരളത്തിന് മെഡല്‍ ഇല്ല.

പുരുഷന്മാരുടെ 400 മീറ്ററില്‍, സര്‍വീസസിനുവേണ്ടി മലയാളി താരം മുഹമ്മദ് അജ്മല്‍ (46.84 സെ.) സ്വര്‍ണം നേടി. പുരുഷ ലോങ്ജമ്പില്‍ റെയില്‍വേസിന്റെ ആര്‍. സ്വാമിനാഥന്‍ (7.73 മീറ്റര്‍) സ്വര്‍ണം നേടിയപ്പോള്‍ മലയാളിയായ നിര്‍മല്‍ സാബു (റെയില്‍വേസ്, 7.67 മീറ്റര്‍) വെങ്കലം നേടി.

Content Highlights: Harmilan Bains steals sprinters’ thunder with national record in 1500m