മുംബൈ: ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും പങ്കെടുത്ത കരണ്‍ ജോഹറുമൊത്തുള്ള കോഫി വിത്ത് കരണ്‍ ചാറ്റ് പോയ വര്‍ഷം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒന്നായിരുന്നു. രാഹുലിന്റെയും പാണ്ഡ്യയുടെയും കരിയറിനു തന്നെ ഭീഷണിയായേക്കാവുന്ന തരത്തിലേക്കുവരെയെത്തി ഈതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. പിന്നാലെ ബിസിസിഐ ഇരുവര്‍ക്കുമെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ അന്നത്തെ വിവാദ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. ''ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ക്രിക്കറ്റര്‍മാരെന്ന നിലയില്‍ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പന്ത് ഞങ്ങളുടെ കോര്‍ട്ടിലായിരുന്നില്ല, അത് മറ്റാരുടെയോ കോര്‍ട്ടിലായിരുന്നു. തീരുമാനങ്ങളെടുത്തിരുന്നത് അവരായിരുന്നു'', ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പാണ്ഡ്യ വ്യക്തമാക്കി.

കരണ്‍ ജോഹര്‍ അവതാരകനായ 'കോഫി വിത്ത് കരണ്‍' എന്ന പരിപാടിയില്‍ പങ്കെടുക്കവെ കഴിഞ്ഞ വര്‍ഷമാണ് പാണ്ഡ്യയും രാഹുലും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. പരിപാടിക്കിടെ സംസാരം മുറുകിയപ്പോള്‍ വ്യക്തിജീവിതത്തെ കുറിച്ചുള്ള ഇരുവരുടെയും തുറന്നുപറച്ചിലുകള്‍ കേട്ട് ക്രിക്കറ്റ് ലോകം മാത്രമല്ല ഇന്ത്യ ഒന്നാകെ ഞെട്ടി. തങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ചായിരുന്നു ഇരുവരുടെയും തുറന്നുപറച്ചിലുകള്‍. 

തനിക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് ഷോയില്‍ ഹാര്‍ദിക് തുറന്നു സമ്മതിച്ചു. തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും ചോദിക്കാറില്ലെന്നും അങ്ങനെയുളള കാര്യങ്ങളില്‍ യാതൊരു തരത്തിലുളള ഇടപെടലുകളും നടത്താറില്ലെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു. തനിക്ക് 18 വയസുള്ളപ്പോള്‍ മുറിയില്‍ നിന്ന് അമ്മ കോണ്ടം കണ്ടെത്തിയ സംഭവമായിരുന്നു രാഹുല്‍ തുറന്നു പറഞ്ഞത്. ഷോയില്‍ പങ്കെടുത്ത് ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വലിയ വിവാദത്തിന് തിരികൊളുത്തി. ഇരുവര്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ടീമിലുണ്ടായിരുന്ന ഇരുവരെയും നാട്ടിലേക്ക് തിരിച്ചയച്ച ബിസിസിഐ 20 ലക്ഷം രൂപ പിഴയടയ്ക്കാനും താരങ്ങളോട് നിര്‍ദേശിച്ചു. സംഭവം അന്വേഷിച്ച ബിസിസിഐ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് (റിട്ടയേര്‍ഡ്) ഡി.കെ ജയിന്‍ ഇരുവരോടും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടൊപ്പം 10 പാരാമിലിറ്ററി അംഗങ്ങളുടെ വിധവകള്‍ക്ക് ഓരോ ലക്ഷം രൂപ വീതവും കാഴ്ച പരിമിതരുടെ ക്രിക്കറ്റ് ടീമിന് 10 ലക്ഷം രൂപ വീതവും നല്‍കാനും ജെയിന്‍ ഇരുവരോടും ആവശ്യപ്പെടുകയും ചെയ്തു.

Content Highlights: Hardik Pandya Speaks On Koffee With Karan Controversy