ഹാർദിക് പാണ്ഡ്യ | Photo: PTI
മുംബൈ: ഐപിഎല്ലില്‍ ഇനി മുംബൈ ഇന്ത്യന്‍സിന്റെ ജഴ്‌സിയില്‍ ഹാര്‍ദിക് പാണ്ഡ്യയുണ്ടാകില്ല. 15-ാം സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിനോട് യാത്ര പറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ വികാരനിര്‍ഭരമായ കുറിപ്പ് പോസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സ് 15-ാം സീസണിലേക്ക് നിലനിര്‍ത്തിയ താരങ്ങളുടെ പേര് പുറത്തുവിട്ടിരുന്നു. അതില്‍ ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെട്ടിരുന്നില്ല. അതിന് പിന്നാലെയാണ് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മുംബൈയോട് യാത്ര പറഞ്ഞത്.
മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള എന്റെ യാത്ര..
ഈ ഓര്‍മകള്‍ എന്നും എന്നോടൊപ്പമുണ്ടാകും. ഈ ഓര്‍മകള്‍ എന്നും ഞാന്‍ ഹൃദയങ്ങളില്‍ സൂക്ഷിക്കും. ഇവിടെ ഞാനുണ്ടാക്കിയ സൗഹൃദങ്ങള്‍, രൂപപ്പെടുത്തിയ ബന്ധങ്ങള്‍, മുംബൈ ഇന്ത്യന്‍സിലെ ഓരോരുത്തരും, ആരാധകര്‍...എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ ടീമിനൊപ്പം ഒരു കളിക്കാരനെന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും എനിക്ക് വളരാന്‍ കഴിഞ്ഞു. വലിയ സ്വപ്‌നങ്ങളുമായാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഇവിടെ എത്തിയത്. നമ്മള്‍ ഒരുമിച്ചു ജയിച്ചു, ഒരുമിച്ചു തോറ്റു, ഒരുമിച്ചു പൊരുതി. ഈ ടീമിനൊപ്പമുള്ള ഓരോ നിമിഷത്തിനും എന്റെ ഹൃദയത്തില്‍ വലിയ സ്ഥാനമുണ്ട്. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകുമല്ലോ. മുംബൈ ഇന്ത്യന്‍സ് എക്കാലവും എന്റെ ഹൃദയത്തിലുണ്ടാകും.' ഹാര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അടുത്ത ഐപിഎല്‍ സീസണിലേക്കുള്ള താരലേലത്തിന് മുന്നോടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിലനിര്‍ത്തിയത്. ഇനി താരലേലത്തില്‍ ഹാര്‍ദികിനെ മുംബൈ സ്വന്തമാക്കുമോ എന്നത് വ്യക്തമല്ല. ഇനി മുംബൈയ്‌ക്കൊപ്പം ഉണ്ടാകില്ലെന്ന് സൂചന നല്‍കുന്നതാണ് ഹാര്‍ദികിന്റെ പോസ്റ്റ്.
2015-ലെ ഐപിഎല്‍ സീസണ്‍ മുതലാണ് ഹാര്‍ദിക് മുംബൈയ്‌ക്കൊപ്പമുള്ളത്. അന്ന് 10 ലക്ഷം രൂപയ്ക്കായിരുന്നു ഓള്‍റൗണ്ടറെ മുംബൈ തട്ടകത്തിലെത്തിച്ചത്. ടീമിനൊപ്പം ഏഴു സീസണ്‍ കളിച്ച താരം നാല് തവണ കിരീടത്തില്‍ പങ്കാളിയായി.
Content Highlights: Hardik Pandya Reacts To Being Released By Mumbai Indians
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..