ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും ഉള്‍പ്പെട്ട 'ചാറ്റ് ഷോ വിവാദം' പെട്ടെന്ന് അവസാനിപ്പിക്കാനൊരുങ്ങി ബി.സി.സി.ഐ. ലോകകപ്പ് അടുത്തിരിക്കെയാണ് ബി.സി.സി.ഐയുടെ ഈ നടപടി.

പ്രത്യേകിച്ചും ലോകകപ്പ് അടുത്തിരിക്കെ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും ഈ പ്രശ്‌നം പെട്ടെന്ന് അവസാനിക്കണമെന്ന നിലപാടാണ് ഉള്ളതെന്ന് ഒരു മുതിര്‍ന്ന ബി.സി.സി.ഐ അംഗം ഐ.എ.എന്‍.എസിനോട് പ്രതികരിച്ചു. വിവാദത്തിനു പിന്നാലെ തന്നെ ഇരുവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഇനി ഇക്കാര്യത്തില്‍ താരങ്ങള്‍ക്കെതിരേ കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ബി.സി.സി.ഐ അംഗം നല്‍കിയത്.

വിഷയം അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ ഇരുവരുടെയും വിഷയത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മറ്റൊരു ബി.സി.സി.ഐ അംഗം വ്യക്തമാക്കി.

വിഷയത്തില്‍ ജസ്റ്റിസ് ഡി.കെ ജെയിന്‍ ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ഇരു താരങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നു. അവര്‍ക്ക് പറയാനുള്ളത് പറയാതെ ആരെയും കുറ്റക്കാരെന്ന് വിധിക്കാനാകില്ലെന്നും ജെയിന്‍ പ്രതികരിച്ചിരുന്നു.

മുംബൈയിലാണ് ഈ വിഷയത്തിലെ വാദം നടക്കുന്നത്. ഏപ്രില്‍ ഒമ്പതിനാണ് പാണ്ഡ്യയുടെ വാദം കേള്‍ക്കുന്നത്. രാഹുലിന്റേത് അടുത്ത ദിവസമാണ്. 

നേരത്തെ പരിപാടിയിലെ ഇരുവരുടെയും പരാമര്‍ശങ്ങള്‍ വിവാദമായതോടെ സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി ഇരുവരെയും വിലക്കിയിരുന്നു. എന്നാല്‍ അന്വേഷണത്തിനായി ഓംബുഡ്‌സ്മാന്റെ നിയമനം വൈകിയതോടെ ബി.സി.സി.ഐ ഇരുവരുടെയും വിലക്ക് നീക്കിയിരുന്നു. അതോടെ ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

Content Highlights: hardik pandya kl rahul bcci looks to end controversy before world cup