മുംബൈ: ദുബായില്‍ നിന്ന് മടങ്ങിയെത്തിയപ്പോൾ അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് വാച്ചുകള്‍ പിടിച്ചെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ശരിയായ മൂല്യനിര്‍ണയത്തിനായി 1.5 കോടി വിലവരുന്ന ഒരു വാച്ച് മാത്രമാണ് എടുത്തതെന്ന് ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പാണ്ഡ്യ വ്യക്തമാക്കി.

ട്വന്റി 20 ലോകകപ്പിനു ശേഷം മുംബൈ വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ പാണ്ഡ്യയില്‍ നിന്ന് ഞായറാഴ്ച അഞ്ച് കോടിയോളം വിലമതിക്കുന്ന രണ്ട് വാച്ചുകള്‍ കസ്റ്റംസ് പിടിച്ചെടുത്തുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ബില്ലടക്കമുള്ള മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്നാണ് വാച്ചുകള്‍ പിടിച്ചെടുത്തതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തെറ്റായ ധാരണകള്‍ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞ പാണ്ഡ്യ, ഒരു വാച്ച് മാത്രമാണ് കൊണ്ടുവന്നതെന്നും അതിന് കസ്റ്റംസ് തീരുവ അടയ്ക്കാന്‍ താന്‍ സ്വമേധയാ കസ്റ്റംസ് കൗണ്ടറില്‍ പോകുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ ദുബായില്‍ നിന്ന് നിയമാനുസൃതമായി വാങ്ങിയ എല്ലാ സാധനങ്ങളെന്തെല്ലാമെന്ന് സ്വമേധയാ തന്നെ അറിയിച്ചിരുന്നു. അതിനായി എത്ര തീരുവ തന്നെ അടയ്ക്കാനും തയ്യാറാണ്. കസ്റ്റംസ് അതിനായി ആവശ്യപ്പെട്ട രേഖകളെല്ലാം തന്നെ ഞാന്‍ സമര്‍പ്പിച്ചതാണ്.' - പാണ്ഡ്യ കുറിച്ചു.

'വാച്ചിന്റെ വില ഏകദേശം 1.5 കോടി രൂപയാണ്, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ പോലെ അഞ്ചു കോടി രൂപയല്ല. ഞാന്‍ രാജ്യത്തെ നിയമം അനുസരിക്കുന്ന ഒരു പൗരനാണ്, എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഞാന്‍ ബഹുമാനിക്കുന്നു. മുംബൈ കസ്റ്റംസ് വിഭാഗത്തില്‍ നിന്ന് എല്ലാവിധ പിന്തുണയും എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാന്‍ എല്ലാ സഹകരണവും അവര്‍ക്കും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിന് ആവശ്യമായ നിയമാനുസൃതമായ രേഖകളെല്ലാം അവര്‍ക്ക് നല്‍കുകയും ചെയ്യും. നിയമം ലംഘിച്ചുവെന്ന തരത്തില്‍ എനിക്കെതിരേ ഉയരുന്ന ആരോപണങ്ങളെല്ലാം തീര്‍ത്തും അടിസ്ഥാനരഹിതമാണ്.' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: hardik pandya clarifies reports that claimed two watches worth Rs 5 crore seized from him