ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ആര്‍.അശ്വിനെ ഉള്‍പ്പെടുത്താത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പകരം രവീന്ദ്ര ജഡേജയെയാണ് ആദ്യ ഇലവനിലേക്ക് തിരഞ്ഞെടുത്തത്. ഇതോടെ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ മുന്‍താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ എന്തുകൊണ്ട് അശ്വിനെ ഉള്‍പ്പെടുത്തിയില്ല എന്ന കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്ങ്.

അശ്വിന്‍ ഇപ്പോള്‍ കോലിയുടെ വജ്രായുധമല്ലെന്നും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാത്തതിനാലാണ് താരം ടീമിന് പുറത്തുപോയതെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ പിച്ചുകളില്‍ അശ്വിന്‍ സമ്പൂര്‍ണ പരാജയമാണ്. 2018-ല്‍ സതാംപ്ടണ്‍ ടെസ്റ്റില്‍ മോയിന്‍ അലി ഒമ്പത് വിക്കറ്റ് നേടിയപ്പോള്‍ അശ്വിന്‍ വീഴ്ത്തിയത് മൂന്ന് വിക്കറ്റ് മാത്രമാണ്. ഹര്‍ഭജന്‍ പറയുന്നു. 

ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ഇതു തന്നെയായിരുന്നു അവസ്ഥ. ഫോമും ഫിറ്റ്‌നെസും നേടാന്‍ അശ്വിന്‍ ബുദ്ധിമുട്ടി. ഇതോടെ ജഡേജയ്ക്ക് അവസരം നല്‍കി. ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

2016-ല്‍ ഇന്ത്യ കരീബിയന്‍ ദ്വീപില്‍ പര്യടനം നടത്തിയപ്പോള്‍ അശ്വിനായിരുന്നു മാന്‍ ഓഫ് ദ സീരീസ്. വെസ്റ്റിന്‍ഡീസിനെതിരേ 11 ടെസ്റ്റുകളില്‍ 60 വിക്കറ്റും 4 സെഞ്ചുറിയും അശ്വിന്റെ അക്കൗണ്ടിലുണ്ട്. 2016-ല്‍ 17 വിക്കറ്റും 350 റണ്‍സുമാണ് അശ്വിന്‍ നേടിയത്.

Content Highlights: Harbhajan Singh on R Ashwin’s exclusion from Antigua Test India vs West Indies