ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഹർഭജൻ സിങ്ങ്. ഹർഭജൻ പോലീസിന് പരാതി നൽകിയതിനു പിന്നാലെ ഈ ബിസിനസുകാരൻ മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇതോടെയാണ് സംഭവം പുറത്തുവന്നത്.

ജി മഹേഷ് എന്നു പേരുള്ള ബിസിനസുകാരന് 2015-ൽ നാല് കോടി രൂപ നൽകിയതായാണ് ഹർഭജൻ പരാതിയിൽ പറയുന്നത്. പണം തിരികെ ചോദിച്ചിട്ട് ഇത്രയും വർഷമായിട്ടും തിരിച്ചുനൽകാൻ ഇയാൾ തയ്യാറായില്ലെന്നും ഹർഭജൻ പറയുന്നു. ഓഗസ്റ്റ് 18-ന് ഹർഭജൻ സിങ്ങിന് 25 ലക്ഷത്തിന്റെ ചെക്ക് ഇയാൾ നൽകിയെങ്കിലും ഈ ചെക്ക് മടങ്ങി. ഇതേ തുടർന്ന് ഹർഭജൻ ചെന്നൈ പോലീസ് കമ്മീഷണറെ സമീപിക്കുകയായിരുന്നു.

താരത്തിന്റെ പരാതി അന്വേഷണത്തിനായി നീലങ്കരയ് അസിസ്റ്റന്റ് കമ്മീഷണർക്കു കൈമാറിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി മഹേഷിനോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു.

എന്നാൽ തലമ്പൂരിലെ തന്റെ സ്വത്ത് പണയംവച്ചാണ് ഹർഭജനിൽ നിന്ന് പണം കടമെടുത്തതെന്നും ഇതിന്റെ പവർ ഓഫ് അറ്റോർണി ഹർഭജന്റെ പേരിലാണെന്നും മഹേഷ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ഹർഭജന് നൽകാനുള്ള പണം മുഴുവൻ കൊടുത്തുതീർത്തതായും ഇയാൾ പറയുന്നു.

Content Highlights: Harbhajan Singh files case against Chennai businessman for cheating