ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയുടെ മുന്‍താരം ജോണ്ടി റോഡ്‌സ് തന്നേക്കാള്‍ കൂടുതല്‍  ഇന്ത്യയെ കണ്ടിരിക്കുന്നുവെന്ന്‌ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങ്. ഗംഗാ നദിയില്‍ സ്‌നാനം ചെയ്യുന്ന ജോണ്ടി റോഡ്‌സിന്റെ ചിത്രം കണ്ടാണ് ഹര്‍ഭജന്റെ പ്രതികരണം. ഡെറാഡൂണിലെ ഋഷികേശ് സന്ദര്‍ശിച്ച ജോണ്ടി റോഡ്‌സ് ഗംഗാ നദിയില്‍ സ്‌നാനം ചെയ്യുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

ഋഷികേശില്‍ നടക്കുന്ന അന്താരാഷ്ട്ര യോഗോത്സവത്തില്‍ പെങ്കെടുക്കാനാണ് ജോണ്ടി റോഡ്‌സ് ഇന്ത്യയിലെത്തിയത്. ഗംഗാ സ്‌നാനം ശാരീരികമായും ആത്മീയമായും ഗുണകരമാണെന്ന് ജോണ്ടി റോഡ്‌സ് ട്വിറ്ററില്‍ കുറിച്ചു. 

ഈ ചിത്രം റീട്വീറ്റ് ചെയ്ത ഹര്‍ഭജന്‍ അടുത്ത തവണ വരുമ്പോള്‍ തന്നേയും കൂടെ കൂട്ടണമെന്ന് ജോണ്ടി റോഡ്‌സിനോട് പറഞ്ഞു. ഗംഗാ നദിയില്‍ സ്‌നാനം ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നും ഹര്‍ഭജന്‍ ട്വീറ്റില്‍ പറയുന്നു. 

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒപ്പം പ്രവര്‍ത്തിച്ചവരാണ് ജോണ്ടി റോഡ്‌സും ഹര്‍ഭജന്‍ സിങ്ങും. ജോണ്ടി റോഡ്‌സ് ടീമിന്റെ ഫീല്‍ഡിങ് കോച്ചും ഹര്‍ഭജന്‍ ടീമംഗവുമായിരുന്നു. 

Content Highlights: Harbhajan Singh feels Jonty Rhodes has seen more of India than him