മുംബൈ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് എല്ലാവരും പുറത്തിറങ്ങാതെ വീട്ടിലിരുന്നതോടെ വൈദ്യുതി ബില്ലും വാർത്തകളിൽ നിറഞ്ഞിരുന്നു. പലരും ഈ ബില്ല് കണ്ട് 'ഷോക്കടിച്ചതു' പോലെയായി. ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങും ഈ ഷോക്കടിച്ചവരുടെ കൂട്ടത്തിലുണ്ട്. ആ ഞെട്ടൽ അദ്ദേഹം ട്വിറ്ററിലൂടെ എല്ലാവരേയും അറിയിക്കുകയും ചെയ്തു. നാട്ടുകാരുടെ മൊത്തം ബില്ലും തനിക്കയച്ചോ എന്നാണ് ഹർഭജൻ ചോദിക്കുന്നത്.

ഹർഭജന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ വൈദ്യുതി ദാതാക്കളായ അദാനി ഇലക്സ്ട്രിസിറ്റി അയച്ച ബില്ലിലെ തുകയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 33,900 രൂപയാണ് ഹർഭജന്റെ കഴിഞ്ഞ മാസത്തെ ബിൽ. സാധാരണ അടക്കുന്നതിലും ഏഴിരട്ടിയാണ് ഈ ബിൽ തുകയെന്ന് താരം പറയുന്നു.

ഈ വർഷം യു.എ.ഇയിൽ നടക്കുന്ന ഐ.പി.എല്ലിനുള്ള ഒരുക്കത്തിലാണ് താരം. ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലാണ് ഈ സീസണിൽ ഹർഭജൻ കളിക്കുന്നത്. സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെയാണ് ടൂർണമെന്റ്.

Content Highlights: Harbhajan Singh expresses dismay over hefty electricity bill