ന്യൂഡൽഹി: വെറ്ററൻ ഓഫ്-സ്പിന്നർ ഹർഭജൻ സിങ്ങ് ഇന്ത്യൻ ജഴ്സിയിൽ കളിച്ചിട്ട് നാല് വർഷത്തോളമായി. എന്നിരുന്നാലും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷ ഇപ്പോഴും ഹർഭജൻ കൈവിട്ടിട്ടില്ല. ഇപ്പോഴും കായികക്ഷമതയുണ്ടെന്നും ട്വന്റി-20 ക്രിക്കറ്റ് കളിക്കാൻ തയ്യാറാണെന്നും ഹർഭജൻ വിശ്വസിക്കുന്നു.

'ഞാൻ തയ്യാറാണ്. ബൗളർമാർക്ക് പ്രയാസമായ, വലിപ്പം കുറഞ്ഞ ഗ്രൗണ്ടുള്ള, ലോകത്തെ മികച്ച താരങ്ങൾ കളിക്കുന്ന ഐ.പി.എൽ പോലുള്ള ഒരു ടൂർണമെന്റിൽ എനിക്ക് നന്നായി ബൗൾ ചെയ്യാൻ കഴിയുമെങ്കിൽ ഇന്ത്യക്ക് വേണ്ടിയും നന്നായി കളിക്കാനാകും'. ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭാജി പറയുന്നു.

2016 ഏഷ്യാ കപ്പിലാണ് ഇന്ത്യക്കായി അവസാന ട്വന്റി-20 കളിച്ചതെങ്കിലും ഐ.പി.എല്ലിൽ സ്ഥിരതയാർന്ന പ്രകടനമാണ് ഓഫ് സ്പിന്നർ പുറത്തെടുക്കുന്നത്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റേയും ചെന്നൈ സൂപ്പർ കിങ്സിന്റേയും ജെഴ്സി അണിഞ്ഞ ഭാജി കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ താരം കൂടിയാണ.് 7.05 ബൗളിങ് ഇക്കണോമിയിൽ 150 വിക്കറ്റ് ഹർഭജന്റെ പേരിലുണ്ട്. മുംബൈ ഇന്ത്യൻസിനായി 10 സീസണിലാണ് ഭാജി കളിച്ചത്.

എന്നാൽ ഇന്ത്യൻ ടീം സെലക്ടർമാർ തന്റെ കാര്യം പരിഗണിക്കില്ലെന്ന് ഹർഭജൻ പറയുന്നു. 'അവർ എന്നെ കാണില്ല. കാരണം അവരുടെ കണ്ണിൽ ഞാൻ വയസ്സനാണ്. കൂടാതെ ഞാൻ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാറുമില്ല. ഐ.പി.എല്ലിൽ നന്നായി കളിച്ചിട്ടും കഴിഞ്ഞ അഞ്ചു വർഷമായി അവർ എന്നെ പരിഗണിച്ചിട്ടില്ല.' ഹർഭജൻ കൂട്ടിച്ചേർത്തു.

2019 ഐ.പി.എല്ലിൽ 11 മത്സരങ്ങളിൽ നിന്ന് 7.09 ഇക്കണോമിയിൽ 16 വിക്കറ്റാണ് താരം വീഴ്ത്തിയത്. നിലവിൽ കളിക്കുന്ന താരങ്ങളിൽ ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തതിന്റെ റെക്കോഡും ഭാജിയുടെ പേരിലാണ്. 103 ടെസ്റ്റിൽ നിന്ന് 417 വിക്കറ്റ് വീഴ്ത്തി. ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറും ഹർഭജനാണ്. 2001-ൽ ഓസ്ട്രേലിയക്കെതിരേ ആയിരുന്നു ഈ നേട്ടം. ഏകദിനത്തിൽ 236 മത്സരങ്ങളിൽ നിന്ന് 269 വിക്കറ്റും ട്വന്റി-20 ക്രിക്കറ്റിൽ 28 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റും ഭാജിയുടെ പേരിലുണ്ട്.

Content Highlights: Harbhajan Singh, Cricket Indian Team Selection