മൊഹാലി: ഖാലിസ്താൻ വിഘടനവാദി നേതാവ് ജർനയിൽ സിങ്ങ് ഭിന്ദ്രാവാലയെ പ്രകീർത്തിക്കുന്ന സന്ദേശം പോസ്റ്റ് ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങ്. വാട്സ്ആപ്പിൽ വന്ന ഫോർവേഡ്മെസേജ് ഉള്ളടക്കം നോക്കാതെ പോസ്റ്റ് ചെയ്തതാണ്. തന്റെ തെറ്റ് അംഗീകരിക്കുന്നുവെന്നും ഹർഭജൻ സിങ് ട്വീറ്റ് ചെയ്തു.

'കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ അത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചതിന് മാപ്പ് ചോദിക്കുന്നു. ആ പോസ്റ്റിൽ പറഞ്ഞിരുന്ന കാര്യങ്ങളോടോ ചിത്രത്തിലുണ്ടായിരുന്ന വ്യക്തിയോടോ ഞാൻ യോജിക്കുന്നില്ല. ഇന്ത്യയ്ക്കായി പോരാടുന്ന ഒരു സിഖുകാരനാണ് ഞാൻ. ഒരിക്കലും രാജ്യത്തിനെതിരെ പ്രവർത്തിക്കില്ല. ജനങ്ങളുടെ മനോവികാരം വ്രണപ്പെടുത്തിയതിന് മാപ്പ് ചോദിക്കുന്നു. 20 വർഷം രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച ഞാൻ രാജ്യവിരുദ്ധ ശക്തികൾക്ക് ഒരിക്കലും പിന്തുണ നൽകില്ല.' ഹർഭജൻ ട്വീറ്റിൽ പറയുന്നു.

ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 37-ാം വർഷിക ദിനത്തോട് അനുബന്ധിച്ചാണ് ഹർഭജൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ സൈന്യം വധിച്ച ഖാലിസ്താൻ വിഘടനവാദി നേതാവ് ജർനയിൽ സിങ്ങ് ഭിന്ദ്രാവാലയെ പ്രകീർത്തിച്ചുകൊണ്ടുള്ള മെസേജാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.

ഭിന്ദ്രാവാലെയുടെ ചിത്രത്തിനൊപ്പം 'അഭിമാനത്തോടെ ജീവിച്ചു, മതത്തിന് വേണ്ടി ജീവൻ നൽകി' എന്നും കുറിച്ചിരുന്നു. ഹർഭജന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നതോടെ അദ്ദേഹം പോസ്റ്റ് നീക്കം ചെയ്തു.

Content Highlights: Harbhajan Singh apologises for instagram post on Jarnail Bhindranwale