ഹാമില്‍ട്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായി കളിക്കാന്‍ സന്നദ്ധനാണെന്ന് ഇന്ത്യന്‍ താരം ഹനുമ വിഹാരി. ന്യൂസീലന്‍ഡ് ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തില്‍ ഇന്ത്യക്കായി ആറാമനായി ഇറങ്ങിയ വിഹാരി സെഞ്ചുറി കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പൃഥ്വി ഷായും മായങ്ക് അഗര്‍വാളും ശുഭ്മാന്‍ ഗില്ലും പരാജയമായതോടെ വിഹാരിയും ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യയെ രക്ഷിച്ചത്. ഈ സാഹചര്യത്തിലാണ് വിഹാരിയുടെ പ്രതികരണം.

ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഏതു സ്ഥാനത്ത് കളിക്കാന്‍ തയ്യാറാണെന്നും ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യാന്‍ ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും വിഹാരി വ്യക്തമാക്കി.ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും ചില മത്സരങ്ങളില്‍ ഒഴിവാക്കപ്പെട്ടതില്‍ വിഷമമില്ല. നാട്ടില്‍ കളിക്കുമ്പോള്‍ അഞ്ചു ബൗളര്‍മാര്‍ ടീമിലുണ്ടെങ്കില്‍ സ്വാഭാവികമായും സ്ഥാനം നഷ്ടപ്പെടും. അതില്‍ വേദനിച്ചിട്ട് കാര്യമില്ല. ടീം കോമ്പിനേഷന്‍ കൂടി ശരിയാവേണ്ടതുണ്ട്. ആര്‍ക്കുമുന്നിലും ഇനി ഒന്നും തെളിയിക്കാനില്ല. വിഹാരി കൂട്ടിച്ചേര്‍ത്തു.  

ഫെബ്രുവരി 21-നാണ് ഇന്ത്യ-ന്യൂസീലന്‍ഡ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുന്നത്. ആകെ രണ്ടു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. നേരത്തെ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയും ഏകദിന പരമ്പരയില്‍ ന്യൂസീലന്‍ഡും വിജയിച്ചിരുന്നു. 

Content Highlights: Hanuma Vihari India vs New Zealand warm up match century