‘ടീം വെറൈറ്റി സോക്കർ’ അംഗങ്ങൾ ഫുട്ബോൾ ഗ്രൗണ്ടിന്റെ അവസാന പണികളിലേർപ്പെട്ടിരിക്കുന്നു | Photo: Mathrubhumi
ബാലുശ്ശേരി: കാൽപ്പന്തിനോടുള്ള പ്രണയം ഊർജമാക്കി ഒരുകൂട്ടം യുവാക്കൾ സ്വന്തമാക്കിയ ഫുട്ബോൾ മൈതാനിയിൽ ഞായറാഴ്ച ആദ്യ പന്തുരുളും.
ബാലുശ്ശേരി പൂനത്ത് പൊട്ടങ്ങൽമുക്കിലാണ് നാല്പതോളം യുവാക്കളും കുട്ടികളുമടങ്ങിയ ടി.വി.എസ്. കൂട്ടായ്മ 23 ലക്ഷംരൂപ ചെലവിൽ ഫുട്ബോൾ മൈതാനമൊരുക്കിയത്. മൂന്നുവർഷത്തോളമായി അവർ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലം. ലോകമൊരു പന്തിനുപിന്നാലെയോടുന്ന കാലത്ത് തങ്ങളുടെ സ്വപ്നഭൂമിയിലും പന്തുരുണ്ടു തുടങ്ങുന്നതിന്റെ ആവേശത്തിലാണവർ.
തെക്കുവടക്കു സർവീസ് എന്നു നാട്ടുകാർ കളിയാക്കിവിളിച്ചിരുന്ന കൂട്ടായ്മയാണ് ഇന്ന് ‘ടീം വെറൈറ്റി സോക്കർ’ എന്നപേരിൽ നാടിന്റെ അഭിമാനമായി വളർന്നിരിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തിന് കൂട്ടായ്മയിലെ അംഗങ്ങൾ ഗോൾവലയിലേക്കു പന്തുപായിച്ച് മൈതാനത്തിന്റെ ഉദ്ഘാടനം നടത്തും. പൊതുകളിസ്ഥലമില്ലാത്തതിനാൽ സ്വകാര്യവ്യക്തികളുടെ പറമ്പുകളായിരുന്നു കൂട്ടായ്മയിലെ കുട്ടികളുടെ കളിയിടങ്ങൾ. സ്ഥലമുടമയെത്തുമ്പോൾ കുട്ടികൾ പന്തും ഗോൾവലയും വാരിയെടുത്ത് ഓടുന്ന കാഴ്ചകണ്ടാണ് കൂട്ടത്തിലെ മുതിർന്നവർ കളിസ്ഥലമെന്ന ആവശ്യത്തിലേക്കെത്തിയത്.
ഇതിനായി കണ്ടുവെച്ച 10 സെന്റ് സ്ഥലം മാത്രമായി നൽകില്ലെന്ന് ഉടമ തീർപ്പുപറഞ്ഞതോടെ ഒരേക്കർസ്ഥലം മുഴുവൻ വാങ്ങാൻ നിർബന്ധിതരായി. കൈയിലുള്ളതെല്ലാം പെറുക്കിക്കൂട്ടി ഒരു ലക്ഷം അഡ്വാൻസ് കൊടുത്തെങ്കിലും ബാക്കി പണം കണ്ടെത്താൻ മാർഗമൊന്നും തെളിഞ്ഞില്ല. ഒപ്പം കോവിഡ് അടച്ചിടലും. ബിരിയാണി ചലഞ്ചിൽ ഭാഗ്യംപരീക്ഷിച്ചെങ്കിലും കാര്യമായ മിച്ചമൊന്നുമുണ്ടായില്ല.
സ്ഥലം വാങ്ങിയത് വായ്പയെടുത്ത്
:ഇനിയെന്തെന്ന ദിവസങ്ങൾ നീണ്ട കൂടിയാലോചനയ്ക്കിടെയാണ് കൂട്ടായ്മയുടെ നെടുംതൂണായ നൊരമ്പങ്ങൽ ജിഷാദ് പോംവഴിയുമായി മുന്നോട്ടുവന്നത്. തന്റെ വീട് പണയപ്പെടുത്തി സ്വകാര്യ പണമിടപാടുസ്ഥാപനത്തിൽനിന്ന് ചിട്ടിപിടിക്കാമെന്ന ജിഷാദിന്റെ നിർദേശം കണ്ണീരും കൈയടിയുമായാണ് കൂട്ടുകാർ അംഗീകരിച്ചത്. ഭൂരിപക്ഷംപേരും ദിവസവേതനക്കാർ മാത്രമായിട്ടും മാസാമാസം 45,000 രൂപവീതമടച്ച് ബാധ്യതയുടെ 70 ശതമാനവും വീട്ടിക്കഴിഞ്ഞു.
മൈതാനത്തിന്റെ സ്ഥലം പണയപ്പെടുത്തി കെ.എസ്.എഫ്.ഇ.യിൽനിന്ന് മറ്റൊരു ഏഴുലക്ഷവും വായ്പയെടുത്തിട്ടുണ്ട്. ഒരേക്കർ സ്ഥലത്തുനിന്ന് 50 സെന്റ് വാങ്ങി പ്രദേശവാസികളിലൊരാളും ഇവരുടെ സഹായത്തിനെത്തി. തട്ടുതട്ടായിക്കിടന്ന ഭൂമി നിരത്തൽമുതൽ ഗോൾപോസ്റ്റ് സ്ഥാപിക്കുന്നതുവരെയുള്ള മുഴുവൻ ജോലികളും ടി.വി.എസ്. അംഗങ്ങൾതന്നെയാണ് ചെയ്തുതീർത്തത്. പ്രദേശത്തെ വിവിധ രാഷ്ട്രീയപ്പാർട്ടിനേതാക്കളായ ബഷീർ മറയത്തിങ്ങൽ, സുനിൽ പാറക്കൽ, സജി പാറക്കൽ എന്നിവർ ഇവർക്കു താങ്ങായി പിന്നിലുണ്ട്.
Content Highlights: group young men constructed huge ground in Baluserry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..