സിഡ്‌നി: കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന ഇന്ത്യ - ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിനുള്ള കാണികളുടെ എണ്ണത്തില്‍ കുറവ് വരുത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ.
സിഡ്‌നിയില്‍ ജനുവരി ഏഴു മുതലാണ് മൂന്നാം ടെസ്റ്റ്.
നേരത്തെ സ്‌റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചിരുന്നു. ഇപ്പോഴത് 25 ശതമാനമാക്കി കുറച്ചിരിക്കുകയാണ്.
ന്യൂ സൗത്ത് വെയ്ല്‍സ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടി. ഇതോടെ മൂന്നാം ടെസ്റ്റിന് ഏകദേശം 10,000 കാണികള്‍ക്ക് മാത്രമാവും പ്രവേശനം ഉണ്ടാവുക.
നേരത്തെ സിഡ്‌നിയില്‍ നടന്ന ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ട് ഏകദിനങ്ങളിലും രണ്ട് ട്വന്റി 20 മത്സരങ്ങളിലും 18,000 പേര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.
Content Highlights: Ground capacity reduced to 25 per cent for Sydney test due to Covid threat