സിഡ്നി: മുന്‍ ഓസ്ട്രേലിയന്‍ ലെഗ്സ്പിന്നര്‍ സ്റ്റുവര്‍ട്ട് മക്ഗില്ലിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസിന്റെ പിടിയിലായവരെ തിരിച്ചറിഞ്ഞു. മക്ഗില്ലിന്റെ കാമുകി മരിയ ഒ മേഗറിന്റെ സഹോദരന്‍ മരിനോ സോറ്റിറോപൗലോസാണ് പിടിയിലായ സംഘത്തിന്റെ തലവന്‍.

മക്ഗില്ലുമൊത്ത് ന്യൂട്രല്‍ ബേയില്‍ അരിസ്‌റ്റോട്ടില്‍സ് എന്ന പേരില്‍ ഒരു റെസ്‌റ്റോറന്റ് നടത്തിവരികയാണ് കാമുകി മരിയ. മരിയ റെസ്‌റ്റോറന്റ് ഉടമയും മക്ഗില്‍ അവിടെ ജനറല്‍ മാനേജരുമാണ്. ഇരുവരും ഇപ്പോള്‍ അത്ര നല്ല ബന്ധത്തിലല്ല എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, തട്ടിക്കൊണ്ടുപോകലില്‍ മരിയയ്ക്ക് പങ്കുള്ള കാര്യം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

മക്ഗല്ലിനെ തട്ടിക്കൊണ്ടുപോയതിന് മരിനോ അടക്കം നാലു പേരെയാണ് ന്യൂ സൗത്ത് വെയ്ല്‍സ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഏപ്രില്‍ പതിനാലിനാണ് രാത്രി പടിഞ്ഞാറന്‍ സിഡ്നിയിലെ ബ്രിഗ്ലിയില്‍ വച്ചായിരുന്നു മറിനും സംഘവും മക്ഗില്ലിനെ വാഹനം തടഞ്ഞ നാലംഗ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്. നഗരത്തിന് പുറത്തെ ഏതോ അജ്ഞാത കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയ അക്രമികള്‍ മക്ഗില്ലിനെ മര്‍ദിക്കുകയും വിട്ടയക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. ഏതാണ്ട് ഒരു മണിക്കൂറിനുശേഷമാണ് അവര്‍ താരത്തെ വിട്ടയച്ചത്.

സംഭവം നടന്ന് ആറു ദിവസം കഴിഞ്ഞാണ് മക്ഗില്‍ പോലീസില്‍ പരാതിപ്പെട്ടത്. അക്രമികളെ ഭയന്നിട്ടാണിതെന്നാണ് പോലീസ് വിശദീകരിക്കുന്നത്.

ഇതിനെതുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിന് ഒടുവിലാണ് പോലീസ് നാലു പേരെ അസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം ഇവരെ കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മക്ഗില്ലിനെയും പോലീസ് വിശദമായ ചോദ്യംചെയ്യലിനായി കൊണ്ടുപോയിരുന്നു.

അമ്പതുകാരനായ മക്ഗില്‍ ഓസ്ട്രേലിയക്കുവേണ്ടി നാല്‍പത്തിനാല് ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് കളിച്ചത്. ടെസ്റ്റില്‍ 208ഉം ഏകദിനത്തില്‍ ആറും വിക്കറ്റ് വീഴ്ത്തി. മികച്ച ലെഗ്സ്പിന്നറായിരുന്നെങ്കിലും ലെഗ്സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ പ്രതാപകാലത്ത് ഓസ്ട്രേലിയന്‍ ടീമില്‍ കളിക്കേണ്ടിവന്നതാണ് കരിയറില്‍ വിനയായത്. അതുകൊണ്ട് തന്നെയാണ് ഏറയൊന്നും അവസരങ്ങള്‍ ലഭിക്കാതെ കരിയര്‍ അവസാനിപ്പിക്കേണ്ടിവന്നത്.

Content Highlights: Girlfriend’s brother main accused in Former Australian cricketer Stuart MacGills kidnapping