തിരുവനന്തപുരം: കേരള ഫുട്ബോളില്‍ മിഡ്ഫീല്‍ഡിലെ ജന്റില്‍മാന്‍ എന്നറിയപ്പെട്ടിരുന്ന തോബിയാസ് സര്‍വീസില്‍നിന്ന് വിരമിക്കുന്നു. 19-ാം വയസ്സില്‍ കേരള പോലീസ് ടീമിലെത്തിയ തോബിയാസ് കമാന്‍ഡന്റായാണ് 36 വര്‍ഷത്തെ സേവനത്തിനുശേഷം 28-ന് വിരമിക്കുന്നത്. 

നിലവില്‍ കേരള നിയമസഭയില്‍ ചീഫ് മാര്‍ഷലാണ്. വിജയനും പാപ്പച്ചനും സത്യനും ഷറഫലിയും കുരികേശ് മാത്യുവുമൊക്കെയടങ്ങിയ കേരള പോലീസ് ഡ്രീം ടീമിലെ 'മിഡ് ഫീല്‍ഡ് ജനറലാ'യിരുന്നു തോബിയാസ്.

ജൂനിയര്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന തോബിയാസ് കേരളത്തിനൊപ്പം രണ്ട് സന്തോഷ് ട്രോഫി കിരീടങ്ങള്‍ നേടി. കേരള പോലീസിനൊപ്പം രണ്ടു ഫെഡറേഷന്‍ കപ്പ് കിരീടങ്ങളും മറ്റനവധി കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 

എട്ടുതവണ സന്തോഷ് ട്രോഫിയില്‍ കളിച്ച താരം രാജ്യത്തിനായും ബൂട്ടുകെട്ടി. കൊച്ചി ബോള്‍ഗാട്ടി സ്വദേശിയാണ്. 1994-ലാണ് കളിയില്‍നിന്ന് വിരമിച്ചത്. തിരുവനന്തപുരം മുട്ടടയ്ക്കടുത്ത് വയലിക്കടയിലാണ് തോബിയാസിന്റെ താമസം. ഭാര്യ സുനിത അധ്യാപികയാണ്. സാനു പീറ്റര്‍ തോബിയാസ്, സാം എഡ്വേഡ് തോബിയാസ് എന്നിവരാണ് മക്കള്‍.

Content Highlights: gentleman of midfield thobias steps down from Kerala Police