കൊച്ചി: കലൂര്‍ സ്‌റ്റേഡിയം ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനത്തിനായി വിട്ടുകൊടുത്ത തീരുമാനം പുന:പരിശോധിക്കുമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍.  മത്സരം നടത്താന്‍ സ്‌റ്റേഡിയം നല്‍കുമോയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ചോദിച്ചുവെന്നും ആ സമയത്ത് ഫുട്‌ബോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യം കെ.സി.എയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും മോഹനന്‍ മാതൃഭൂമി.കോമിനോട് വ്യക്തമാക്കി.

ഇന്ത്യ-വെസ്റ്റിന്‍ഡീസ് അന്താരാഷ്ട മത്സരം സംഘടിപ്പിക്കുന്നതിനായി കെസിഎ സ്റ്റേഡിയോ നല്‍കുമോയെന്ന് ചോദിച്ചു. നിലവില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടന്നു കൊണ്ടിക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഫുട്‌ബോളും ക്രിക്കറ്റും ഒന്നിച്ച് നടത്താല്‍ സംവിധാനമുണ്ട് എന്ന് അവര്‍ പറഞ്ഞു. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായി പിച്ച് തയ്യാറാക്കും. അതിനു ശേഷം ഐ.എസ്.എല്‍ അധികൃതരുമായി സംസാരിച്ച ശേഷം ഒരു റീ ഷെഡ്യൂള്‍ തയ്യാറാക്കാമെന്നും സ്റ്റേഡിയത്തിന് മറ്റ് തകരാറുകള്‍ ഒന്നും ഉണ്ടാകില്ലെന്നും കെ.സി.എ പറഞ്ഞു. 

ഞങ്ങള്‍  പിച്ച് തയ്യാറാക്കുന്നതില്‍ വിദഗ്ധരല്ല. അതിനാല്‍ മറ്റ് തകരാറുകള്‍ ഉണ്ടാവില്ലെങ്കില്‍ ആലോചിക്കാം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫുട്‌ബോള്‍ രംഗത്തുള്ള പല പ്രമുഖരും ചൂണ്ടിക്കാണിക്കുന്നത് ടര്‍ഫ് തിരിച്ച് തയ്യാറാക്കുമ്പോള്‍ വലിയ നഷ്ടം വരും. അത് നശിക്കാന്‍ സാധ്യതയുണ്ട് എന്നാണ്. അതിനാല്‍ ഞങ്ങള്‍ തീരുമാനം പുന:പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. മോഹനന്‍ വ്യക്തമാക്കി. 

തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാന നഗരമാണെന്നും അവിടെ കളി വെയ്ക്കുന്നതില്‍ ജി.സി.ഡി.എയ്ക്ക് എതിര്‍പ്പില്ലെന്നും മോഹനന്‍ പറഞ്ഞു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം നടത്തിയാല്‍ കൊച്ചിയില്‍ ടര്‍ഫ് പൊളിക്കേണ്ട പ്രശ്‌നം വരില്ലെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

Content Highlights: GCDA Chairman On Kaloor Stadium Controversy