ന്യൂഡൽഹി: കളത്തിന് അകത്തും പുറത്തും വാക്കുതർക്കത്തിലേർപ്പെടു ന്നരണ്ടുപേരാണ് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറും പാകിസ്താന്റെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയും. എന്നാൽ അഫ്രീദിക്ക് കോവിഡ്-19 സ്ഥിരീകരിച്ചെന്ന വാർത്തക്ക് പിന്നാലെ എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് ഗംഭീർ ആശംസിച്ചു.

രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. 'സലാം ക്രിക്കറ്റ് 2020' എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അഫ്രീദിയുടെ രോഗവിഷയത്തിൽ ഗംഭീർ പ്രതികരിച്ചത്.

'ഈ വൈറസ് ആർക്കും ബാധിക്കാതിരിക്കട്ടെ. ഷാഹിദ് അഫ്രീദിയുമായി എനിക്ക് രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നത് ശരിയാണ്. എങ്കിലും അദ്ദേഹം എത്രയും വേഗം രോഗമുക്തനായി കാണാനാണ് എനിക്ക് ഇഷ്ടം. പാകിസ്താൻ ഇന്ത്യയെ സഹായിക്കാമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ആദ്യം അവർ അവരുടെ സ്വന്തം ആളുകളെ സഹായിക്കട്ടേയെന്നാണ് എനിക്ക് പറയാനുള്ളത്. അവർ സഹായം വാഗ്ദാനം ചെയ്തതൊക്കെ നല്ല കാര്യം. അതിൽ എനിക്ക് നന്ദിയുണ്ട്. പക്ഷേ ആദ്യം അതിർത്തി ലംഘിച്ചുള്ള ഭീകരവാദം അവസാനിപ്പിക്കണം.'-ഗംഭീർ വ്യക്തമാക്കുന്നു.

നേരത്തെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അഫ്രീദി തനിക്ക് കോവിഡ്-19 സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയത്. ഏറ്റവും വേഗത്തിൽ രോഗമുക്തി നേടാൻ എല്ലാവരും പ്രാർഥിക്കണമെന്നും അഫ്രീദി ട്വീറ്റിൽ പറഞ്ഞിരുന്നു.

Content Highlights: Gautam Gambhir reacts to Afridi being tested positive for Covid 19