ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികളുടെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീർ. PAANKH എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി ഡൽഹി ജിബി റോഡിലുള്ള 25 പെൺകുട്ടികളെയാണ് ഗംഭീറിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തത്.
അടുത്ത ഘട്ടത്തിൽ കൂടുതൽ കുട്ടികളെ ഏറ്റെടുക്കുമെന്നും ആദ്യ ഘട്ടത്തിൽ കുറഞ്ഞത് 25 പേരെയെങ്കിലും സഹായിക്കാനാണ് തീരുമാനമെന്നും ഗംഭീർ വ്യക്തമാക്കി. അഞ്ചു മുതൽ 18 വയസ് വരെയുള്ള പെൺകുട്ടികൾക്ക് സ്ഥിരമായി കൗൺസിലിങ് ഏർപ്പെടുത്തുമെന്നും കുട്ടികളുടെ സ്കൂൾ ഫീസ്, യൂണിഫോം, ഭക്ഷണം, മെഡിക്കൽ സഹായം തുടങ്ങിയവയെല്ലാം സംഘടനയുടെ നേതൃത്വത്തിൽ ചെയ്യുമെന്നും ഗംഭീർ പറഞ്ഞു.
സമൂഹത്തിലെ എല്ലാവർക്കും മാന്യമായി ജീവിക്കാൻ തുല്ല്യ അവകാശമാണുള്ളത്. അതിനായി ഈ കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നത്. ഇത്തരം കുട്ടികളെ സഹായിക്കാൻ കൂടുതൽ പേർ മുന്നോട്ടുവരണം. ഗംഭീർ കൂട്ടിച്ചേർത്തു. നിലവിൽ ഗൗതം ഗംഭീർ ഫൗണ്ടേഷനിലൂടെ ഇരുന്നൂറോളം കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നുണ്ട്. ഇതിനു പുറമേയാണ് 25 കുട്ടികളുടെ സംരക്ഷണം കൂടി ഏറ്റെടുത്തത്.
Content Highlights: Former Cricket Player Gautam Gambhir, BJP MP, Announces Plan To Help Daughters Of Sex Workers